'തെറി', 'മെര്‍സല്‍' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയും സംവിധായകന്‍ അറ്റ്‍ലീയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗിൽ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ  വിജയ് ചിത്രത്തിലെ എല്ലാ അണിയറ പ്രവർത്തകർക്കും തന്റെ വകയായി ഒരു സമ്മാനം നല്‍കി. അതാണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ പുതിയ സംസാര വിഷയം. ബിഗിലിന്റെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും താരം സ്വർണമോതിരമാണ് സമ്മാനിച്ചത്. 'ബിഗിൽ' എന്ന് എഴുതിയ മോതിരമാണ് താരം നാനൂറോളം വരുന്ന അണിയറ പ്രവർത്തകർക്ക് സമ്മാനിച്ചത്.


 

 

'ബിഗിലി'ല്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകന്‍റെ കഥാപാത്രമാണ് വിജയ്‍യുടെ ഇരട്ടവേഷങ്ങളില്‍ ഒന്ന്.16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍  ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍  ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.