വിജയ് നായകനായി എത്തുന്ന മാസ്റ്റാർ ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. കെ.രംഗദാസ് എന്ന വ്യക്തിയാണ് മാസ്റ്ററിനെതിരെ മോഷണാരോപണവുമായി രംഗത്ത് എത്തിയത്. ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്താനിരിക്കെയാണ് ആരോപണവുമായി രംഗദാസ് എത്തിയിരിക്കുന്നത്. 

തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ആരോപിച്ചു. 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ഇയാള്‍ അറിയിച്ചു.

ഇതാദ്യമായല്ല വിജയ് ചിത്രത്തിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. 'സര്‍ക്കാ'രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു. കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ വന്‍ റിലീസ് ആണ് 'മാസ്റ്റര്‍'. ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ വൈകുകയായിരുന്നു. 'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.