വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ല്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് വിജയ് സേതുപതി. ഒരു സൂം അഭിമുഖത്തിലാണ് തനിക്ക് ഏറെ ആവേശം പകര്‍ന്ന ഈ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. വില്ലത്തരത്തിന്‍റെ ആള്‍രൂപമാണ് ആ കഥാപാത്രമെന്നാണ് വിജയ് സേതുപതിയുടെ വിലയിരുത്തല്‍.

"മാസ്റ്ററില്‍ ഞാന്‍ ഒരു വില്ലനാണ്. ഒരു കൊടും വില്ലനാണ് ആ കഥാപാത്രം. തിന്മയുടെ ആള്‍രൂപം. അത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു", വിജയ് സേതുപതി പറയുന്നു.

 

വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കേണ്ടിവരുകയായിരുന്നു. ചിത്രത്തിന്‍റെ മുടങ്ങിപ്പോയ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് പകുതിയോടെ പുനരാരംഭിച്ചിരുന്നു.

മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.