രാം ചരണ്‍ ചിത്രത്തിന് 'നോ' പറഞ്ഞ് വിജയ് സേതുപതി; കാരണം ഇതാണ്
ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം
മറുഭാഷാ പ്രേക്ഷകരിലേക്കും മാര്‍ക്കറ്റ് വളരുമ്പോള്‍ അവസരങ്ങള്‍ കൂടുന്നത് അഭിനേതാക്കള്‍ക്ക് കൂടിയാണ്. ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ മറുഭാഷാ അഭിനേതാക്കളെ കൂടുതലായി ഉള്‍പ്പെടുത്തുന്നത് വളരുന്ന ഈ മാര്‍ക്കറ്റ് ലക്ഷ്യമാക്കിത്തന്നെ. കോളിവുഡില്‍ ഇന്ന് മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും സ്വാധീനമുള്ള താരങ്ങളിലൊരാളാണ് വിജയ് സേതുപതി. എന്നാല്‍ തെലുങ്ക് സിനിമയില്‍ നിന്ന് വന്ന ഒരു വമ്പന്‍ ഓഫറിനോട് നോ പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനുവേണ്ടിയാണ് ബുച്ചി ബാബു സേതുപതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ വലിപ്പവും വിജയസാധ്യതയുമൊക്കെ ബോധ്യപ്പെട്ടെങ്കിലും അദ്ദേഹം കൈ കൊടുത്തില്ല. രാം ചരണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ അച്ഛന്‍ വേഷത്തിലേക്കാണ് വിജയ് സേതുപതിയെ പരിഗണിച്ചത്. ഇക്കാരണം കൊണ്ടുതന്നെയാണ് അദ്ദേഹം റോള്‍ സ്വീകരിക്കാഞ്ഞത്. അത്തരം റോളുകളില്‍ താന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയമാണ് കാരണം. അത് അദ്ദേഹം അണിയറക്കാരെ അറിയിക്കുകയും ചെയ്തു.
പഞ്ജ വൈഷ്ണവ് തേജിനെ നായകനാക്കി 2021 ല്‍ സംവിധായകനായി അരങ്ങേറിയ ആളാണ് ബുച്ചി ബാബു. ഈ ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിച്ചിരുന്നു. കൃതി ഷെട്ടി അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്‍റെ അച്ഛന്‍ വേഷമായിരുന്നു അദ്ദേഹത്തിന്. സമീപകാലത്ത് വന്‍ വിജയം നേടിയ മഹാരാജയിലും അദ്ദേഹത്തിന് അച്ഛന്‍ വേഷമായിരുന്നു. തുടര്‍ന്നാണ് ആര്‍സി 16 (രാം ചരണിന്‍റെ കരിയറിലെ 16-ാം ചിത്രം) ലെ വേഷം ടൈപ്പ് കാസ്റ്റിംഗ് ഭയത്താല്‍ വിജയ് സേതുപതി ഉപേക്ഷിച്ചത്. അതേസമയം വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമായിരുന്ന മഹാരാജ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കരിയറില്‍ സോളോ ഹീറോ ആയുള്ള ആദ്യ 100 കോടി ചിത്രവും ഇത് തന്നെ.
ALSO READ : അശോകൻ ഇനി 'ശിവദാസൻ'; 'കിഷ്‍കിന്ധാ കാണ്ഡം' ക്യാരക്ടർ പോസ്റ്റർ എത്തി