ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും വിജയ് സേതുപതി
സോഷ്യല്‍ മീഡിയയിലൂടെ തനിക്കു നേരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ വിജയ് സേതുപതി. തനിക്കറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിജയ് സേതുപതി വര്‍ഷങ്ങളോളം ചൂഷണം ചെയ്തുവെന്നും അവര്‍ ഇപ്പോഴും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു എക്സിലൂടെ രമ്യ മോഹന്‍ എന്ന യൂസര്‍ കുറിച്ചത്. പോസ്റ്റ് അതിവേഗം വൈറല്‍ ആയി. പിന്നാലെ ഈ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടിരുന്നു. ആരോപണം വലിയ വാര്‍ത്താപ്രാധാന്യം നേടിയതിന് പിന്നാലെ ഡെക്കാണ്‍ ക്രോണിക്കിളിനോടാണഅ വിജയ് സേതുപതിയുടെ പ്രതികരണം.
എന്നെ അല്‍പമെങ്കിലും അറിയാവുന്ന ആളുകള്‍ ഈ ആരോപണത്തിന് നേര്‍ക്ക് ചിരിക്കും. എന്നെ എനിക്ക് അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങള്‍ക്ക് എന്നെ അസ്വസ്ഥനാക്കാനാവില്ല. എന്നാല്‍ എന്‍റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു. ശ്രദ്ധ ആകര്‍ഷിക്കാന്‍വേണ്ടി ഈ സ്ത്രീ ഉന്നയിച്ച ആരോപണമാണ് ഇത്. ഏതാനും നിമിഷങ്ങളുടെ പ്രശസ്തിയേ അവര്‍ക്ക് ലഭിക്കൂ. അവര്‍ അത് ആസ്വദിക്കട്ടെ, വിജയ് സേതുപതി പറഞ്ഞു.
അതേസമയം ആരോപണത്തെ നിയമപരമായി നേരിടാനാണ് തന്‍റെ തീരുമാനമെന്നും സൈബര്‍ ക്രൈം എന്ന രീതിയിലാണ് തന്‍റെ അഭിഭാഷകന്‍ കേസ് നീക്കുന്നതെന്നും വിജയ് സേതുപതി പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഇത്തരത്തിലുള്ള നിരവധി പ്രചരണങ്ങളെ ഞാന്‍ നേരിട്ടിട്ടുണ്ട്. എന്നെ ഉന്നം വച്ചുകൊണ്ടുള്ള അത്തരം ശ്രമങ്ങളൊന്നും ഇതുവരെ എന്നെ ബാധിച്ചിട്ടില്ല. അത് ഒരിക്കലും ബാധിക്കുകയുമില്ല. തന്‍റെ പുതിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്ന സമയത്തുതന്നെ ഈ ആരോപണം വന്നതില്‍ സംശയമുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
എന്‍റെ പുതിയ ചിത്രം നന്നായി പോവുകയാണ്. എന്നെ കരിവാരി തേക്കുന്നതിലൂടെ ചിത്രത്തെ തകര്‍ക്കാമെന്നും ചിലര്‍ കരുതിയിരിക്കാം. പക്ഷേ അത് അങ്ങനെ സാധിക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാം. അതിന് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യം, വിജയ് സേതുപതി പറഞ്ഞു.

