ഡിഎസ്‍പിയാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ റിലീസ്
കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ഭാഷാതിര്‍ത്തികള്‍ മറികടന്ന് എണ്ണമറ്റ ആരാധകരെ സ്വന്തമാക്കിയ അഭിനേതാവാണ് വിജയ് സേതുപതി. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് ഈ വര്‍ഷം സംഭവിച്ചു, കമല്‍ ഹാസന്‍ ടൈറ്റില്‍ റോളില്‍ എത്തിയ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിലൂടെ. സന്ദനം എന്ന അധോലോക നേതാവിനെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ വിജയ് സേതുപതി പങ്കുവച്ച സ്വന്തം ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
ഒരു മിറര്‍ സെല്‍ഫിയാണ് ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വിജെഎസ് പങ്കുവച്ചിരിക്കുന്നത്. ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് ചിത്രത്തിലെ വിജയ് സേതുപതി. ശരീരഭാരത്തിന്‍റെ പേരില്‍ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് അദ്ദേഹം. വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്. അദ്ദേഹത്തിന്‍റെ അയത്നലളിതമായ അഭിനയ ശൈലി ചേരുമ്പോള്‍ ആ ശരീരഭാഷ വിജയ് സേതുപതിക്ക് ഏറെ അനുരൂപവുമായിരുന്നു. എന്നാല്‍ പുതിയ മേക്കോവര്‍ ചിത്രത്തിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.
ALSO READ : 'മമ്മൂക്ക നടത്തിയത് ബോഡി ഷെയ്‍മിംഗ് ആണെന്ന് പറയുന്നവരോട്'; ജൂഡ് ആന്‍റണിയുടെ പ്രതികരണം
ഡിഎസ്‍പിയാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ റിലീസ്. പൊന്‍റാം സംവിധാനം ചെയ്‍ത ആക്ഷന്‍ കോമഡി ചിത്രം തിയറ്ററുകളിലെത്തിയത് ഈ മാസം 2 ന് ആണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയപ്പോഴും പഴയ ഗെറ്റപ്പില്‍ തന്നെയായിരുന്നു വിജയ് സേതുപതി. ഇത്ര ചെറിയ സമയം കൊണ്ട് നടത്തിയ മേക്കോവര്‍ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തെലുങ്ക് ചിത്രം മൈക്കിള്‍, വെട്രിമാരന്‍റെ വിടുതലൈ എന്നിവ കൂടാതെ മൂന്ന് ബോളിവുഡ് ചിത്രങ്ങളും വിജയ് സേതുപതിയുടേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. മെറി ക്രിസ്മസ്, മുംബൈക്കര്‍, ജവാന്‍ എന്നിവയാണ് അവ. ജവാനില്‍ ഷാരൂഖ് ഖാന്‍ ആണ് നായകന്‍.
