ചെന്നൈ: ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഗോമതി മാരിമുത്തുവിന് അഞ്ച് ലക്ഷം രൂപ നൽകി മക്കൾ സെൽവൻ വിജയ് സേതുപതി. തന്റെ ഫാൻസ് ക്ലബ്ബിലെ അം​ഗങ്ങൾ വഴിയാണ് താരം ​ഗോമതിക്ക് തുക കൈമാറിയത്. രണ്ടു മിനിട്ടിൽ താഴെ 800 മീറ്റർ ഓടിയിട്ടുള്ള കസഖ്സ്ഥാൻ താരം മാർഗരിറ്റയെയും ചൈനയുടെ വാങ് ചുൻ യുവിനെയും അട്ടിമറിച്ച് ഗോമതി ഇന്ത്യൻ ജനതയുടെ അഭിമാനമായി മാറുകയായിരുന്നു.

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിനിയായ ഗോമതി അഞ്ചു വർഷമായി ബെംഗളുരുവിൽ ഇൻകം ടാക്സ് വകുപ്പിലാണു ജോലി നോക്കുന്നത്. ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗോമതി ദോഹയിലെ ട്രാക്കിൽ കാഴ്ചവച്ചത്. 800 മീറ്റര്‍ ഫൈനലില്‍ 2 മിനുട്ട് 2 സെക്കന്റില്‍ ഓടിയെത്തിയാണ് ഗോമതി വിജയം കൈവരിച്ചത്. വിജയ് സേതുപതിക്ക് പുറമേ ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും ​ഗോമതിക്ക് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകി. 

സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഗോമതിയെ ഇന്ത്യയുടെ അഭിമാനമായി ഉയരാൻ ഇടയാക്കിയത്. രാജ്യത്തിന്റെ വിവിധ കോണിൽ നിന്നുള്ള നിരവധി പേരാണ് ഗോമതി മാരിമുത്തുവിന് ‌ അഭിനന്ദന പ്രവാഹവുമായി രം​ഗത്തെത്തിക്കൊണ്ടിരിക്കുന്നത്.