നിതിലൻ സാമിനാഥനാണ് സംവിധാനം

താന്‍ നായകനായ ഏറ്റവും പുതിയ ചിത്രം മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് തമിഴ് താരം വിജയ് സേതുപതി. മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിജയ് സേതുപതി മലയാളി പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചത്. 100 തിയറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175 ല്‍ പരം തിയറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്. 

ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആണ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് ചിത്രത്തിലെ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച മംമ്‍ത മോഹൻദാസ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ നിതിലൻ സാമിനാഥൻ, നിര്‍മ്മാതാവ് സുധൻ സുന്ദരം, കേരള ഡിസ്ട്രിബൂട്ടർ ഹരീന്ദ്രൻ എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. 

അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജയുടെ രചനയും നിതിലൻ സാമിനാഥനാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.

ALSO READ : 'ചന്ദന പെരുമഴ'; 'മുറിവ്' സിനിമയിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം