Asianet News MalayalamAsianet News Malayalam

'മാസ്റ്ററി'ന് യു/എ സര്‍ട്ടിഫിക്കറ്റ്; കേരളത്തിലുള്‍പ്പെടെ പൊങ്കലിന് തീയേറ്ററുകളില്‍?

ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

vijay starring master movie got ua certification
Author
Thiruvananthapuram, First Published Dec 24, 2020, 6:57 PM IST

വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്ററി'ന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. പൊങ്കലിന് മുന്‍പ് പുതിയ അപ്‍ഡേഷന്‍ എത്തിയതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. 'സി യു സൂണ്‍' എന്നാണ് വിവരം പങ്കുവച്ച ട്വീറ്റിനൊപ്പം ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സും ചേര്‍ത്തിരിക്കുന്ന വാചകം.

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രങ്ങളിലൊന്നായ 'മാസ്റ്റര്‍' ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന് നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തീയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ നിന്ന് തങ്ങള്‍ വ്യതിചലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. "ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതിനായി സമ്മർദ്ദങ്ങളും ഓഫറുകളും ഉണ്ടെങ്കിലും സിനിമാ വ്യവസായത്തിന്‍റെ നിലനിൽപ്പിന് തിയേറ്ററുകൾ അത്യന്താപേക്ഷിതമാണ് എന്നതുകൊണ്ട്  മാസ്റ്റർ തിയ്യറ്ററുകളിലേ റിലീസ് ചെയ്യുകയുള്ളൂ", സേവ്യര്‍ ബ്രിട്ടോ നേരത്തെ പറഞ്ഞിരുന്നു. മാസ്റ്ററിന് തീയേറ്റര്‍ റിലീസേ പാടുള്ളൂ എന്ന കാര്യത്തില്‍ വിജയ്‍യും ഉറച്ച നിലപാടിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

അതേസമയം റിലീസ് തീയ്യതിയെക്കുറിച്ച് നിര്‍മ്മാതാവ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചിത്രം പൊങ്കല്‍ റിലീസ് ആയി എത്തുമെന്നാണ് ആരാധകരില്‍ വലിയ വിഭാഗവും കരുതുന്നത്. #MasterPongal എന്ന ഹാഷ് ടാഗും നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. റിലീസ് തീയ്യതിയെക്കുറിച്ച് വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് കരുതപ്പെടുന്നു. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശവും ഇതിനകം വിറ്റുപോയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഏരിയയിലെ വിതരണാവകാശം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസിനും കൊച്ചിന്‍-മലബാര്‍ ഏരിയയുടെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസിനുമാണ്.

വിജയ്‍യും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണിത്. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.

അതേസമയം കേരളത്തില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്. തീയേറ്റര്‍ തുറക്കുമ്പോള്‍ വിനോദ നികുതി ഒഴിവാക്കണമെന്നും അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിലുണ്ട്. 

Follow Us:
Download App:
  • android
  • ios