വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള അച്ഛന്‍ എസ് എ ചന്ദ്രശേഖറിന്‍റെ ശ്രമവും അതിനെ തള്ളിക്കളഞ്ഞുകൊണ്ടുള്ള വിജയ്‍യുടെ പ്രതികരണവുമൊക്കെ ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഏറെക്കാലമായി വാര്‍ത്തകളിലുള്ള 'വിജയ്‍യുടെ രാഷ്ട്രീയപ്രവേശന'ത്തെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാറ് അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖറാണ്. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പുതിയ പാര്‍ട്ടി രജിസ്ട്രേഷന്‍ നീക്കമെന്ന് വിജയ്‍യുടെ ഓഫീസ് പ്രതികരിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭിപ്രായവ്യത്യാസം അച്ഛന്‍ മകന്‍ ബന്ധത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‍യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍. അച്ഛനോട് സംസാരിക്കുന്നതുതന്നെ വിജയ് നിര്‍ത്തിയെന്ന് ശോഭ ചന്ദ്രശേഖര്‍ പറയുന്നു.

ALSO READ: വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി; തന്‍റേതല്ല, അച്ഛന്‍റേതെന്ന് വിജയ്

വിജയ് ആരാധക സംഘടനയായ 'ആള്‍ ഇന്ത്യ ദളപതി മക്കള്‍ ഇയക്ക'ത്തിന്‍റെ പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്ട്രേഷനുവേണ്ടി ചന്ദ്രശേഖര്‍ ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചിരുന്നത്. അപേക്ഷയില്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ശോഭ ട്രഷററുമായിരുന്നു. എന്നാല്‍ രൂപീകരിക്കാന്‍ പോകുന്നത് രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് പറയാതെയാണ് ചന്ദ്രശേഖര്‍ തന്നെക്കൊണ്ട് രേഖകളില്‍ ഒപ്പിടുവിച്ചതെന്ന് ശോഭ മാധ്യമങ്ങളോട് പറഞ്ഞു. "ഒരു സംഘടനയുടെ രൂപീകരണത്തിന് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു മാസം മുന്‍പാണ് ഒപ്പിടുവിക്കാനായി എന്നെ സമീപിച്ചത്." ഒരാഴ്ച മുന്‍പാണ് രൂപീകരിക്കാന്‍ പോകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്ന കാര്യം തനിക്ക് മനസിലായതെന്നും വിജയ്‍യുടെ അറിവില്ലാതെ അത് ചെയ്യുന്നതിലെ വിസമ്മതം താന്‍ അറിയിച്ചെന്നും ശോഭ പറയുന്നു. തന്‍റെ വാദം ഭര്‍ത്താവ് അപ്പോള്‍ അംഗീകരിച്ചെന്നും. 

 

അതേസമയം സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി വിജയ്‍യുടെ പ്രതിച്ഛായയെ ഉപയോഗിക്കുന്ന ഒരു കൂട്ടത്തിന്‍റെ മധ്യത്തിലാണ് വിജയ് എന്നാണ് ചന്ദ്രശേഖര്‍ വിവാദത്തിനു പിന്നാലെ പ്രതികരിച്ചത്. "ഞാന്‍ എന്തു ചെയ്താലും അത് വിജയ്‍ക്ക് എതിരായിരിക്കും എന്ന ഒരു തോന്നലാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. എനിക്കുനേരെ അയച്ചുകൊണ്ടിരിക്കുന്ന അസ്ത്രങ്ങള്‍ നാളെ വിജയ്‍ക്കെതിരെയും അവര്‍ പ്രയോഗിച്ചേക്കാം." എസ് എ ചന്ദ്രശേഖര്‍ എന്ന വ്യക്തിയായും വിജയ്‍യുടെ അച്ഛനായുമുള്ള രണ്ട് സ്വത്യങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ് താനെന്നും ചന്ദ്രശേഖര്‍ പറയുന്നു, താന്‍ എക്കാലവും ഒരു സാമൂഹിക പ്രവര്‍ത്തകനും പൊതുവിഷയങ്ങളില്‍ തുറന്ന അഭിപ്രായം പറയുന്ന ആളും ആയിരുന്നുവെന്നും. തന്‍റെ അച്ഛന്‍ എന്ന നിലയില്‍ മാത്രമാണ് വിജയ് തന്നെ കാണുന്നതെങ്കിലും ഒരു സംവിധായകന്‍, സാമൂഹികബോധമുള്ള വ്യക്തി എന്നീ നിലകളില്‍ പൊതുവിഷയങ്ങളില്‍ നിശബ്ദത പാലിക്കാന്‍ തനിക്ക് കഴിയില്ലെന്നും എസ് എ ചന്ദ്രശേഖര്‍ പറയുന്നു. സംവിധായകന്‍ എന്ന നിലയിലുള്ള തന്‍റെ കരിയര്‍ നഷ്ടപ്പെടുത്തിയിട്ടാണ് വിജയ്‍യുടെ മാനേജരായും പ്യൂണായുമൊക്കെ ഇത്രകാലംപ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറയുന്നു. 

വിജയ്‍യുടെ ചുറ്റുമുള്ള ഒരു ചെറുസംഘത്താല്‍ അകറ്റിനിര്‍ത്തപ്പെട്ട സാധാരണ ആരാധകരാണ് ഫാന്‍സ് അസോസിയേഷന്‍റെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രേരണയെന്നും ചന്ദ്രശേഖര്‍ പറയുന്നു. "തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കപ്പെടണമെന്ന് സാധാരണക്കാരായ വിജയ് ആരാധകര്‍ക്കുണ്ട്." വിജയ്‍യുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വിജയ് എഴുതിയതാണെന്ന് വിശ്വസിക്കുന്നില്ലെന്നും കൃത്യമായി വായിച്ചുനോക്കാതെ മകന്‍ ഒപ്പിട്ടിരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. തനിക്കും മകനും ഇടയിലുള്ള പ്രശ്നത്തിനു നടുവില്‍ ഭാര്യ ശോഭ കഷ്ടപ്പെടുന്നുണ്ടെന്നും ഒരിക്കല്‍ മകന്‍ തന്നിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ക്കുന്നു.