തമിഴ് സിനിമയില്‍ ഏറ്റവും കൗതുകമേറ്റുന്ന ഒരു കോമ്പിനേഷന്‍ ഇനി സ്‌ക്രീനില്‍ കാണാം. വിജയ്‌ക്കൊപ്പം വിജയ് സേതുപതി എത്തുകയാണ് പുതിയ ചിത്രത്തിലൂടെ. വിജയ്‌യുടെ 64-ാം ചിത്രത്തിലാണ് ഈ കോമ്പിനേഷന്‍ എത്തുക. മാനഗരം, കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാവും ഇത്.

ചിത്രത്തെക്കുറിച്ച് ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിന് പ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചിരുന്നു. അതുപ്രകാരം എത്തുന്ന ആദ്യ അനൗണ്‍സ്‌മെന്റ് ആണ് ചിത്രത്തിലെ വിജയ് സേതുപതിയുടെ സാന്നിധ്യം.

അതേസമയം ബിഗില്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം. വനിതാ ഫുട്‌ബോള്‍ ടീം പരിശീലകനാണ് ചിത്രത്തിലെ വിജയ്‌യുടെ കഥാപാത്രം. ഇരട്ട ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. നയന്‍താരയാണ് നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐഎം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. തെരിക്കും മെര്‍സലിനും ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് ബിഗില്‍. അതേസമയം ഉടന്‍ തീയേറ്ററുകളിലെത്തുന്ന, ചിരഞ്ജീവി നായകനായ തെലുങ്ക് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.