ഗായകനും നടനുമായ വിജയ് യേശുദാസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് വിജയ് യേശുദാസ്. യേശുദാസിന്റെ മകൻ എന്നതിലുപരിയായി ഗായകനെന്ന നിലയില്‍ തന്നെ ആരാധകര്‍ വിജയ് യേശുദാസിനെ ഇപ്പോള്‍ അറിയുന്നു.  മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ശ്രദ്ധേയമായ ഗാനങ്ങള്‍ വിജയ് യേശുദാസ് പാടിയിട്ടുണ്ട്. വിജയ് യേശുദാസിന്റെ മകള്‍ അമേയയും ചെറുപ്രായത്തില്‍ തന്നെ സിനിമ ഗാനം ആലപിച്ചിരുന്നു. ഗായകനെന്ന നിലയില്‍ സ്വന്തമായി ഇരിപ്പിടം നേടിയ വിജയ് യേശുദാസ് ഒരു സംരഭകനായും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

പുരുഷൻമാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ രംഗത്തേയ്‍ക്കാണ് വിജയ് യേശുദാസ് ചുവടുവയ്‍ക്കുന്നത്. അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്.  ഓഗസ്റ്റ് മധ്യത്തോടെ കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക. ഇപ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള്‍ തുടങ്ങാനുമാണ് തീരുമാനം. പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയര്‍ സ്റ്റൈല്‍, വരന്റെ എല്ലാവിധ മേയ്‍ക്കപ്പ്,  മസാജ്, ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.