വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ ആരാധകര്‍ക്ക് ആവേശം കൂടും. ഇരുവരും ഒന്നിച്ചാല്‍ ഹിറ്റ് ആണ് ചിത്രം എന്നതുതന്നെ കാരണം. മൂന്ന് ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഇതിനു മുമ്പ് വിജയ്‍യും എ ആര്‍ മുരുഗദോസും ഒന്നിച്ചത്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ വൻ ഹിറ്റായിരുന്നു. എ ആര്‍ മുരുഗദോസ് വിജയ് ചിത്രം ഒരിക്കലും വെറുതെയാകില്ല. ഇപ്പോഴിതാ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്‍ത് വിജയ് നായകനാകുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്.

വിജയ്‍യെ നായകനാക്കി എ ആര്‍ മുരുഗദോസ് ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് വാര്‍ത്ത.  പൊങ്കല്‍ ഉത്സവകാലത്തായിരിക്കും ചിത്രത്തിന്റ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. തമന്നയായിരിക്കും നായികയെന്നും വാര്‍ത്തകളുണ്ട്. മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. 

സിനിമയുടെ പ്രി- പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോള്‍ എ ആര്‍ മുരുഗദോസ്.

ഒരു ആക്ഷൻ എന്റര്‍ടെയ്‍നറായിട്ടു തന്നെയായിരിക്കും വിജയ് ചിത്രം എ ആര്‍ മുരുഗദോസ് തിയറ്ററില്‍ എത്തിക്കുക. സര്‍ക്കാര്‍ എന്ന കഴിഞ്ഞ ചിത്രം രാഷ്‍ട്രീയമാനവുമുള്ള ഒന്നായിരുന്നു.  വിവാദങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുമ്പോള്‍ രാഷ്‍ട്രീയ രംഗവും കരുതലോടെയാകും നോക്കുക. 

എ ആര്‍ മുരുഗോസ് ഏറ്റവും ഒടുവില്‍ സംവിധാനം ചിത്രം രജനികാന്തിനെ നായകനാക്കിയായിരുന്നു. രജനികാന്ത് ഏറെക്കാലത്തിന് ശേഷം പൊലീസ് വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു അത്. നയൻതാരയായിരുന്നു നായികയായി എത്തിയത്. രജനികാന്ത് ആരാധകര്‍ക്ക് ഇഷ്‍ടപ്പെടുന്ന തരത്തില്‍ തന്നെയായിരുന്നു എ ആര്‍ മുരുഗദോസ് ചിത്രം എത്തിച്ചത്.  ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദര്‍ബാര്‍ എന്ന ചിത്രം രജനികാന്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

എ ആര്‍ മുരുഗദോസ്- വിജയ് ചിത്രം ക്യാമറയില്‍ പകര്‍ത്തുക സന്തോഷ് ശിവനായിരിക്കും. വിജയ് നായകനായി റിലീസ് ചെയ്യാനുള്ള ചിത്രം മാസ്റ്റര്‍ ആണ്. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആരാധകരുടെ ആശങ്കകള്‍ മാറ്റി സിനിമ തിയറ്ററുകളില്‍ തന്നെ സംവിധായകൻ വ്യക്തമാക്കിയിരുന്നു.