"പക്ഷേ അഭിനയത്തോടുള്ള  അഭിനിവേശവും ആത്മവിശ്വാസവും കാരണം ഞാൻ തിരിച്ചുവന്നു ”

ചെന്നൈ: തമിഴില്‍ നിന്ന് ഈ വര്‍ഷമെത്തുന്ന ശ്രദ്ധേയ റിലീസുകളില്‍ ഒന്നാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍. വിക്രം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ പ്രൊമോഷണല്‍ തിരക്കുകളിലാണ് താരങ്ങളും മറ്റ് അണിയറക്കാരും. പ്രൊമോഷന്‍റെ ഭാഗമായി ഒരു സ്പെഷല്‍ പ്രിവ്യൂ ഷോകളിലുമാണ് താരങ്ങള്‍. അടുത്തിടെ ചെന്നൈയില്‍ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. പിന്നാലെ ബെംഗലൂരുവില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ പങ്കെടുത്ത വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. 

നടൻ വിക്രവും വാര്‍ത്ത സമ്മേളനത്തില്‍ സംസാരിച്ചിരുന്നു. തങ്കലാന്‍ ഷൂട്ടിംഗ് വിശേഷങ്ങള്‍ അടക്കം താരം പങ്കുവച്ചിരുന്നു. തന്‍റെ കരിയറിന്‍റെ തുടക്കത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റതിനെ കുറിച്ചും താരം തുറന്നു പറഞ്ഞു. 

“ഒരു അപകടത്തിൽ, എന്‍റെ കാൽ ഒടിഞ്ഞു, ഞാൻ ഇനി നടക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ 3 വർഷം ആശുപത്രിയിൽ കിടന്നു, 23 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നു. പക്ഷേ അഭിനയത്തോടുള്ള അഭിനിവേശവും ആത്മവിശ്വാസവും കാരണം ഞാൻ തിരിച്ചുവന്നു,” വിക്രം പറഞ്ഞു. പ്രസ്മീറ്റിന്‍റെ വീഡിയോ യൂട്യൂബിൽ നിര്‍മ്മാതാക്കള്‍ ഷെയർ ചെയ്തിട്ടുണ്ട്.

തങ്കാലൻ സംവിധായകൻ പാ രഞ്ജിത്തും വിക്രമിനൊപ്പം പ്രവർത്തിച്ച അനുഭവം പ്രസ്മീറ്റില്‍ പറഞ്ഞു. ഒരു ആക്ഷൻ സീക്വൻസിനിടെ വിക്രമിന് വാരിയെല്ലിന് പരിക്കേറ്റിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പൂർത്തിയാക്കാൻ നടൻ തീരുമാനിച്ചെന്നും വിക്രത്തിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും തന്നെ ഞെട്ടിച്ചെന്നും പാ രഞ്ജിത്ത് പറയുന്നു. 

കോലാര്‍ സ്വര്‍ണ്ണ ഖനിയുടെ പിറവിയുമായി ബന്ധപ്പെട്ട കഥയാണ് തങ്കലാന്‍ എന്നാണ് സൂചന. വിക്രത്തിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ പടമാണ് ഇത്. ബ്രിട്ടീഷ് ഭരണകാലമാണ് വിക്രം ചിത്രത്തിന്‍റെ കഥാകാലം. 
പാ രഞ്ജിത്ത് തമിഴ് പ്രഭ, അഴകിയ പെരിയവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥാ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് കഥ രചിച്ചത്. 

സ്റ്റുഡിയോ ​ഗ്രീന്‍ നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ജി വി പ്രകാശ് കുമാറിന്‍റേതാണ് സം​ഗീതം. 

ജീവിതം മാറ്റിമറിച്ച സീരിയല്‍: 'കുടുംബവിളക്ക്' തീര്‍ന്നപ്പോള്‍ ദുഃഖം പങ്കിട്ട് 'സുമിത്രേച്ചി' മീര വാസുദേവ്

മുംബൈയിലെ ഹാജി അലി ദര്‍ഗ സന്ദര്‍ശിച്ച് അക്ഷയ് കുമാര്‍: ബോളിവുഡിനെ ഞെട്ടിച്ച തുക സംഭാവന നല്‍കി