കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിച്ച് വിക്രം നായകനാവുന്ന തമിഴ് ചിത്രം 'കോബ്ര'യുടെ അണിയറക്കാര്‍. ചിത്രീകരണം തുടങ്ങുന്നതായി അറിയിച്ച് സംവിധായകന്‍ അജയ് ജ്ഞാനമുത്തു ട്വീറ്റ് ചെയ്‍ത ലൊക്കേഷന്‍ സ്റ്റില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു.

നിരവധി മെഷീന്‍ ഗണ്ണുകളും ബുള്ളറ്റുകളും ക്യാമറയും ട്രൈപോഡുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയില്‍ ക്യാമറയില്‍ നിന്ന് പുറംതിരിഞ്ഞാണ് ചിത്രത്തില്‍ വിക്രത്തിന്‍റെ ഇരിപ്പ്. കറുത്ത നിറത്തിലുള്ള വസ്ത്രവും മങ്കി ക്യാപ്പുമാണ് വിക്രം ധരിച്ചിരിക്കുന്നത്. 

നേരത്തെ റഷ്യയില്‍ ചിത്രീകരണം പുരോഗമിക്കുകയായിരുന്ന 'കോബ്ര'യുടെ ഷെഡ്യൂള്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ ഏഴ് വ്യത്യസ്ത അപ്പിയറന്‍സുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ എസ് രവികുമാര്‍, രേണുക, ബാബു ആന്‍റണി, പദ്‍മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു, പൂവൈയ്യാര്‍ എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്. 

7 സ്ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തുക. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ഛായാഗ്രഹണം ഹരീഷ് കണ്ണന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.