പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിലായത്ത് ബുദ്ധ'യുടെ പുതിയ സ്നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി. ചിത്രത്തിനെതിരായ വിദ്വേഷ പ്രചരണങ്ങൾക്കുള്ള മറുപടിയെന്നോണം എത്തിയ വീഡിയോയിലെ ഡബിൾ മോഹനൻ എന്ന കഥാപാത്രത്തിൻ്റെ ഡയലോഗുകൾ ശ്രദ്ധ നേടുകയാണ്.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ 'വിലായത്ത് ബുദ്ധ'യിലെ സ്നീക്ക് പീക്ക് വീഡിയോ പുറത്ത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടക്കുന്നതായി അണിയറക്കാര്‍ ആരോപിച്ചിരുന്നു. വിദ്വേഷ പ്രചരണങ്ങള്‍ക്കുള്ള പ്രതികരണം എന്ന നിലയിലും വ്യാഖ്യാനിക്കാനാവുന്ന തരത്തിലുള്ള ചിത്രത്തിലെ ഒരു രം​ഗമാണ് പൃഥ്വിരാജ് അടക്കമുള്ളവര്‍ പങ്കുവച്ചിരിക്കുന്നത്. 'വർക്ക് നടക്കട്ടെ' എന്ന് ചിത്രത്തിലെ നായക കഥാപാത്രമായ ഡബിൾ മോഹനൻ പറയുന്നൊരു ഡയലോഗാണ് വീഡിയോയിലെ ഹൈലൈറ്റ്. ''മറയൂര് ചന്ദനം ഇനിയുമുണ്ടല്ലോ, മറയൂര് മോഹനനുമുണ്ടല്ലോ'' എന്ന മാസ് ഡയലോഗും സ്നീക്ക് പീക്കിലുണ്ട്. സിനിമയെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലിനെതിരെ സൈബർ സെല്ലിൽ സിനിമയുടെ നിർമ്മാതാവ് സന്ദീപ് സേനൻ പരാതി നൽകിയിട്ടുണ്ട്. 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി.

ശ്രദ്ധേയ എഴുത്തുകാരനായ ജി.ആർ. ഇന്ദുഗോപന്‍റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി അതേപേരിൽ തന്നെ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. സിനിമയെയും അണിയറപ്രവർത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളർത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

View post on Instagram

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളയ്ക്ക' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് 'വിലായത്ത് ബുദ്ധ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്