ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ. മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യമെന്ന് വിനയ് ഫോര്‍ട്ട്
നിയമസഭയിൽ ചലചിത്ര താരം ഇന്ദ്രന്‍സിനെതിരെ സാംസ്കാരിക മന്ത്രി വി. എൻ.വാസവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്ന് കൂടുതല്‍ സിനിമാ താരങ്ങള്‍. യുവതാരം വിനയ് ഫോര്‍ട്ടാണ് വിഷയത്തില്‍ ഇന്ദ്രന്‍സിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഇന്ദ്രൻസിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതൽ. മറ്റേതു ഉപമയും പ്രയോഗവും അന്തസാര ശൂന്യമാണെന്നാണ് വിനയ് ഫോര്‍ട്ട് ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.
സഹകരണ സംഘം ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ ബോഡി ഷെയ്മിംഗ് പരാമര്‍ശം. ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയവും ഹിമാചലിലെ സിപിഎമ്മിന്റെ തോൽവിയും ചൂണ്ടിക്കാട്ടിയുള്ള വാദപ്രതിവാദങ്ങൾക്കിടയിലായിരുന്നു ഇത്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രി പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം നാനാഭാഗത്ത് നിന്നും ഉയര്‍ന്നതിന് പിന്നാലെ സഭാരേഖകളില്‍ നിന്ന് പരാമര്‍ശം പിന്‍വലിക്കണമെന്ന് മന്ത്രിയും ആവശ്യപ്പെട്ടിരുന്നു. മോശം പരാമർശം പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സഭാ രേഖകളിൽ നിന്ന് പരാമർശം നീക്കിയതായി സ്പീക്കർ അറിയിച്ചിരുന്നു.
ചലചിത്ര താരം മാലാ പാര്‍വ്വതിയും ഹരീഷ് പേരടിയും അടക്കമുള്ളവര്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇന്ദ്രന്‍സ് ഇത്തരം അപമാനിക്കലുകള്‍ നിരന്ത്രം നേരിട്ടാണ് ഫാന്‍സ് അസോസിയേഷനുകള്‍ പോലുമില്ലാതെയാണ് ഇന്നത്തെ ഉയരത്തിലെത്തിയതെന്ന് ഹരീഷ് പേരടി കുറിച്ചത്. ഇന്ദ്രന്‍സ് ഓസ്കാര്‍ നേടിയാലും ഇത്തരം പരാമര്‍ശം തുടരുമെന്നാണ് സംവിധായകൻ വി.സി അഭിലാഷ് കുറിച്ചത്.
