Asianet News MalayalamAsianet News Malayalam

'ചൊക്ലിയിലെ സനൂപ് സിനിമ നടനല്ല, വെളുത്തിട്ടുമല്ല'; പുരോഗമന രോമങ്ങൾ അത് കണ്ടില്ലെന്ന് നടിച്ചുവെന്ന് ഹരീഷ് പേരടി

പൊലീസിന്‍റെ ഐഡി ചോദിച്ച സിനിമാ നടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. പ്രശ്നം സർക്കാരും പൊലീസ് നയവും തമ്മിലാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

vinayakan issue hareesh peradi recalls kannur sanoop police viral video btb
Author
First Published Oct 26, 2023, 6:04 AM IST

കൊച്ചി: നടൻ വിനായകന്‍റെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.  കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കമുണ്ടായ വിഷയവുമായി ചേര്‍ത്താണ് ഹരീഷ് പേരടിയുടെ പ്രതികരണം. പാനൂർ ചൊക്ലിയിലെ സനൂപ് സിനിമ നടനല്ലെന്നും വെളുത്തിട്ടുമല്ലെന്നും അയാളുടെ ജാതി ആർക്കുമറിയില്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പൊലീസിന്‍റെ ഐഡി ചോദിച്ച സിനിമാ നടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. പ്രശ്നം സർക്കാരും പൊലീസ് നയവും തമ്മിലാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

പാനൂർ ചൊക്ലിയിലെ സനൂപ്..സിനിമാനടനല്ല ...വെളുത്തിട്ടുമല്ല...അയാളുടെ ജാതി ആർക്കുമറിയില്ല...ഈ oct 10 ന് അയാൾ പോലിസിനോട് ഒരു ചോദ്യം ചോദിച്ചു...സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്..പോലീസ് കേസ്സുമെടുത്തു...പോലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു...അടുത്ത് ജൻമത്തിലെങ്കില്ലും ഒരു സിനിമാനടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ  അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല...മറിച്ച് മനുഷ്യാവകാശത്തിനുവേണ്ടിയാണെന്ന് കരുതിയാൽ മതി...പ്രശ്നം സർക്കാറും പോലീസ് നയവുമാണ്...എന്ന് നാടകക്കാരനായ സിനാമാനടൻ..ഹരീഷ് പേരടി.

കണ്ണൂരിലെ വിഷയം

ഹെൽമറ്റ് ഇടാത്തതിന് പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് തിരിച്ച് ചോദിച്ചതിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. എന്നാൽ പിഴയിട്ടതിൽ പ്രകോപിതനായി യുവാവ് തട്ടിക്കയറിയെന്നായിരുന്നു പൊലീസിന്‍റെ വാദം. ചൊക്ലി സ്വദേശി സനൂപിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചൊക്ലി എസ്ഐയും സംഘവുമാണ് പൊലീസ് വണ്ടിയില്‍ ഉണ്ടായിരുന്നത്. ചൊക്ലി സ്വദേശി സനൂപുമായാണ് തര്‍ക്കമുണ്ടായത്. സംഭവത്തെ കുറിച്ച് സനൂപ് പറയുന്നതിങ്ങനെ-

"മുക്കിൽപ്പീടികയിൽ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും. ആ സമയത്തു പൊലീസുകാർ വരികയും ഹെൽമെറ്റില്ലാത്തതിനാൽ ഫൈൻ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. നിർത്തിയിട്ട വാഹനത്തിന് ഫൈൻ അടിക്കേണ്ടതുണ്ടോയെന്ന എന്റെ ചോദ്യത്തിൽ പ്രകോപിതനായ എസ്ഐ 500 രൂപ ഫൈൻ ഇട്ടു. എസ്ഐയെ ചോദ്യംചെയ്തതു കൊണ്ടാണ് ഈ ഫൈൻ ഇട്ടത് എന്നാണ് അയാൾ അപ്പോൾ പറഞ്ഞത്. അതിനു ശേഷം പൊലീസ് വാഹനം അവിടെ നിന്ന് പോവുകയും അൽപ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും തിരിച്ചെത്തുകയും ചെയ്തു.

ആ അവസരത്തിൽ പൊലീസുകാര്‍ സീറ്റ്‌ ബെൽറ്റ്‌ ഇടാത്തത് നിയമപരമായി തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു. പൊതുജനങ്ങൾ മാത്രം നിയമം പാലിച്ചാൽ മതിയോ എന്ന എന്റെ ചോദ്യത്തിൽ അയാൾ പ്രകോപിതനായി. എനിക്കെതിരെ പൊലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിർവഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊതുജനങ്ങൾക്ക് ഒരു നിയമവും അധികാരികൾക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യംചെയ്തതിനാണ് ഇതൊക്കെ ഉണ്ടായത്. പൊലീസിന്റെ അവകാശങ്ങളെ ദുർവിനിയോഗം ചെയ്യുകയാണ് ഭീഷണിയിലൂടെ അയാൾ. തുടർന്ന് പൊലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതർക്കം ഉണ്ടായി .ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്"- സനൂപ് ഫേസ് ബുക്കില്‍ കുറിച്ചു.

എന്നാൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചുവരുന്നത് കണ്ടെന്നും അതാണ് പിഴയിട്ടതെന്നുമാണ് പൊലീസ് വാദം. സനൂപിനെതിരെ പൊലീസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നുമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആറ് വർഷം മുമ്പ് പൊലീസുകാരനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

'പഴയ പോലെ തോന്നിയ രീതിയിൽ ആര്‍ക്കും ചാനലില്‍ പോകാനാവില്ല'; അടുത്ത ആഴ്ച മുതല്‍ ചർച്ചകളിലുണ്ടാകുമെന്ന് ഷെഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios