നടന്‍ വിനായകന്‍ സംവിധായകനാവുന്നു. സംവിധാനം ചെയ്യുന്ന സിനിമയുടെ രചനയും വിനായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. 'പാര്‍ട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.

ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. വിനായകനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് അനൗണ്‍സ്‍മെന്‍റ്. "നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി" അടുത്ത വർഷം", ആഷിക് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ വിനായകനെ നായകനാക്കി ആഷിക് അബു ഒരു ചിത്രം സംവിധാനം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയ്യന്‍കാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്നും ഊഹാപോഹങ്ങള്‍ ഉണ്ടായി. എന്നാല്‍ അത്തരത്തിലൊരു പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തെത്തിയിട്ടില്ല.

 

ഡാന്‍സര്‍ ആയിരുന്ന വിനായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ 'മാന്ത്രിക'ത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. രാജീവ് രവിയുടെ 'കമ്മട്ടിപ്പാട'ത്തിലെ 'ഗംഗ' എന്ന കഥാപാത്രം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിക്കൊടുത്തു. കമ്മട്ടിപ്പാടത്തിലെ ഒരു ഗാനത്തിന്‍റെ സംഗീതസംവിധാനവും വിനായകന്‍ നിര്‍വ്വഹിച്ചിരുന്നു. അന്‍വര്‍ റഷീദിന്‍റെ ട്രാന്‍സ് ആണ് വിനായകന്‍റേതായി തീയേറ്ററുകളിലെത്തിയ അവസാന മലയാളചിത്രം.