തിയറ്ററുകളില്‍ കൈയടി നേടുകയാണ് പത്തൊമ്പതാം നൂറ്റാണ്ട്

മലയാള സിനിമകളില്‍ എക്കാലത്തും തന്‍റേതായ വഴികളിലൂടെ നിലപാട് കൈമോശം വരാതെ യാത്ര ചെയ്ത സംവിധായകനാണ് വിനയന്‍. ഏറെക്കാലത്തിനു ശേഷമാണ് വലിയ കാന്‍വാസില്‍ അദ്ദേഹം ഒരു ചിത്രം ഒരുക്കുന്നത്. സിജു വില്‍സണ്‍ നായകനായ പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. പ്രേക്ഷകര്‍ക്കൊപ്പം തിയറ്ററില്‍ ചിത്രം കണ്ടതിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി തന്‍റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും വിനയന്‍ പറഞ്ഞു.

ഇനിയും ഇത്തരം വലിയ പടങ്ങള്‍ മനസിലുണ്ടെന്നും അതൊക്കെ ചെയ്യണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു വിനയന്‍റെ ആദ്യ പ്രതികരണം. അതും ഇതുപോലെ പുതുമുഖങ്ങളെ വച്ച് ആയിരിക്കുമോ എന്ന ചോദ്യത്തിന് അത് പറയുന്നില്ലെന്ന് മറുപടി. പിന്നാലെ തന്‍റെ മനസിലുള്ള സൂപ്പര്‍താര ചിത്രങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു- "ഞാന്‍ മോഹന്‍ലാലുമായിട്ട് ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന്‍റെ ചര്‍ച്ച നടക്കുന്നുണ്ട്. രാക്ഷസ രാജാവിനു ശേഷം മമ്മൂക്കയ്ക്കു വേണ്ടിയുള്ള ഒരു കഥാപാത്രം എന്‍റെ മനസിലുണ്ട്. എന്‍റെ മനസില്‍ ഒത്തിരി സംഭവങ്ങള്‍ ഉണ്ട്. അതില്‍ ഏതായിരിക്കും ആദ്യം നടക്കുകയെന്ന് പറയാന്‍ പറ്റില്ല", വിനയന്‍ പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയെപ്പറ്റി വിനയന്‍ നേരത്തേതന്നെ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിട്ടുണ്ട്. താനുമായി സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു. മോഹൻലാലുമായുള്ള ചിത്രം എന്ന് തുടങ്ങുമെന്ന് ഒരിക്കല്‍ ഫേസ്ബുക്കില്‍ അദ്ദേഹത്തിന്‍റെ പോസ്റ്റിനു താഴെ ഒരു ആരാധകന്‍ ചോദിച്ചിരുന്നു. ‘കഥ ഒത്തു വന്നിട്ടില്ല.. വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.. കഥ റെഡിയായാല്‍ ഉടന്‍ കാണും’ എന്നായിരുന്നു വിനയന്‍റെ മറുപടി. "ലാലുമൊത്ത് ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. അതിനാല്‍ ഒരു മാസ് എന്‍റര്‍ടെയ്‍നര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്". ബറോസിനു ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞിരിക്കുന്നതെന്നും വിനയൻ പറഞ്ഞിരുന്നു. 

ALSO READ : വിമര്‍ശകരുടെ വായടപ്പിച്ച് 'ബ്രഹ്‍മാസ്ത്ര'; റിലീസ്‍ദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന ചരിത്ര പുരുഷനായി സിജു വില്‍സണ്‍ എത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടില്‍ കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.