Asianet News MalayalamAsianet News Malayalam

വിമര്‍ശകരുടെ വായടപ്പിച്ച് 'ബ്രഹ്‍മാസ്ത്ര'; റിലീസ്‍ദിന കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഈ വാരാന്ത്യത്തില്‍ നമ്പര്‍ 1 ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്

brahmastra first day official worldwide gross collection karan johar dharma productions ranbir kapoor ayan mukerji
Author
First Published Sep 10, 2022, 2:02 PM IST

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമെന്ന പെരുമ കൊവിഡ് കാലത്ത് കൈവിട്ടുപോയിരുന്നു ബോളിവുഡിന്. തെന്നിന്ത്യന്‍ സിനിമ, വിശേഷിച്ചും തെലുങ്ക് ആ സ്ഥാനം പിടിച്ചെടുത്തപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താര ചിത്രങ്ങള്‍ പോലും നിരനിരയായി പൊട്ടുകയായിരുന്നു. അക്ഷയ് കുമാറിനോ ആമിര്‍ ഖാനോ പോലും പഴയകാല വിജയങ്ങള്‍ ആവര്‍ത്തിക്കാനാവാതെ പോയപ്പോള്‍ ബോളിവുഡിന്‍റെ അടുത്ത പ്രതീക്ഷ ബ്രഹ്‍മാസ്ത്രയായിരുന്നു. രണ്‍ബീറിനെ നായകനാക്കി അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം. ബഹിഷ്കരണാഹ്വാനങ്ങള്‍ക്കു പിന്നാലെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സമീപകാലത്ത് ബോളിവുഡില്‍ ഏറ്റവും വലിയ അഡ്വാന്‍സ് റിസര്‍വേഷന്‍ ലഭിച്ച ചിത്രവുമായിരുന്നു ബ്രഹ്മാസ്ത്ര. ആദ്യദിനം സമ്മിശ്രാഭിപ്രായമാണ് പ്രവഹിച്ചതെങ്കിലും റിലീസ് ദിനത്തില്‍ ചിത്രം നേട്ടമുണ്ടാക്കിയതായി സൂചനകള്‍ എത്തിയിരുന്നു.

ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം 35-37 കോടി നേടിയെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ട അനൌദ്യോഗിക വിവരങ്ങള്‍. വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണെന്നും യുഎസില്‍ ആദ്യദിനം ഒരു മില്യണ്‍ ഡോളറിനു മുകളില്‍ കളക്ഷന്‍ നേടിയെന്നുമൊക്കെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒഫിഷ്യല്‍ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ വിമര്‍ശിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയായാണ് ചിത്രത്തിന്‍റെ ആരാധകര്‍ ഈ കണക്കുകളെ കൊണ്ടാടുന്നത്. റിലീസ് ദിനത്തില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് 75 കോടിയാണെന്നാണ് ചിത്രം നിര്‍മ്മിച്ച കരണ്‍ ജോഹര്‍ പുറത്തുവിട്ട കണക്ക്. ഒരു പ്രവര്‍ത്തി ദിനത്തില്‍ പുറത്തെത്തിയ ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് ഈ ആദ്യദിന ആഗോള ഗ്രോസ് എന്നത് എക്കാലത്തെയും റെക്കോര്‍ഡ് ആണെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേല്‍ കുറിക്കുന്നു.

ആഗോള ബോക്സ് ഓഫീസില്‍ ബ്രഹ്മാസ്ത്ര ഈ വാരാന്ത്യത്തില്‍ നമ്പര്‍ 1 ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇപ്പോഴത്തെ കളക്ഷന്‍ തുടര്‍ന്നാല്‍ ആഗോള ബോക്സ് ഓപീസില്‍ ചിത്രം 7-8 മില്യണ്‍ ഡോളര്‍ നേടിയേക്കുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ ചൈനീസ് ചിത്രം ഗിവ് മി 5 നെ മറികടന്ന് ബ്രഹ്‍മാസ്ത്ര ആഗോള ബോക്സ് ഓഫീസില്‍ ഈ വാരാന്ത്യത്തില്‍ ഒന്നാമനെത്തും. വിവാഹത്തിനു ശേഷം രണ്‍ബീര്‍ കപൂര്‍, അലിയാ ഭട്ട് ജോഡി വീണ്ടും പ്രണയികളായി സ്ക്രീനിലെത്തുന്നു എന്നത് ഈ ചിത്രത്തിന്‍റെ കൌതുകമാണ്. ഫാന്‍റസി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. അമിതാഭ് ബച്ചന്‍, മൌനി റോയ്, നാഗാര്‍ജുന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം വിജയിച്ചാല്‍ ഏറെ സവിശേഷതകളുള്ള ഒരു ബോളിവുഡ് ഫ്രാഞ്ചൈസിക്കും തുടക്കമാവും.

 

അസ്ത്രാവേഴ്സ് ഫ്രാഞ്ചൈസിയെക്കുറിച്ച് അയന്‍ മുഖര്‍ജി പറഞ്ഞത്

ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെട്ട വിവിധ അസ്ത്രങ്ങളുടെ സങ്കല്‍പ്പങ്ങളെ അധികരിച്ച് സൃഷ്ടിക്കുന്ന സിനിമാ ഫ്രാഞ്ചൈസിയാണ് അസ്ത്രാവേഴ്സ്. വാനരാസ്ത്ര, നന്ദി അസ്ത്ര, പ്രഭാസ്ത്ര, ജലാസ്ത്ര, പവനാസ്ത്ര, ബ്രഹ്‍മാസ്ത്ര എന്നിങ്ങനെയാണ് ആ അസ്ത്രവേഴ്സ്. ഇതിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1- ശിവ. ഹിമാലയന്‍ താഴ്വരയില്‍ ധ്യാനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുകൂട്ടം യോഗികളില്‍ നിന്നാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം. യോഗികളുടെ ധ്യാനത്തില്‍ സന്തുഷ്ടരായ ദേവകളുടെ സമ്മാനമായാണ് വിവിധ അസ്ത്രങ്ങള്‍ ലോകര്‍ക്ക് ലഭിക്കുന്നത്. പഞ്ചഭൂതങ്ങളെ അധികരിച്ചുള്ളതാണ് ഈ അസ്ത്രങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ശക്തിയേറിയതാണ് ബ്രഹ്‍മാസ്ത്ര. ഈ അസ്ത്രങ്ങളുടെ സംരക്ഷകരുടെ സമൂഹമാണ് ബ്രഹ്‍മാഞ്ജ്. സമൂഹത്തിന്‍റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു രഹസ്യ സമൂഹം കൂടിയാണ് ഇത്. മാറിയ ലോകത്തും ഈ ബ്രഹ്‍മാഞ്ജ് ഇന്നും നിലനില്‍ക്കുന്നുവെന്നാണ് ഈ ഫ്രാഞ്ചൈസി പറയുന്നത്. ബ്രഹ്‍മാസ്ത്ര പാര്‍ട്ട് 1 ശിവയില്‍ രണ്‍ബീര്‍ കപൂര്‍ അവതരിപ്പിക്കുന്ന നായകന്‍ സ്വയമേവ ഒരു അസ്ത്രമാണ്.

ALSO READ : 'വിനയന്‍ ഈ കഥ എന്തുകൊണ്ട് സിനിമയാക്കിയെന്ന് എനിക്ക് മനസിലായി'; മാലാ പാര്‍വ്വതി പറയുന്നു

Follow Us:
Download App:
  • android
  • ios