നടന്‍ ഷെയ്ന്‍ നിഗവുമായി നിര്‍മ്മാതാക്കളുടെ സംഘടന നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ താന്‍ നേരിട്ട വിലക്കിന്റെ കാരണം പറഞ്ഞ് വിനയന്‍. ഒരു സൂപ്പര്‍താരമായിരുന്നു അതിന് പിന്നിലെന്നും മാക്ട ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ആ നടനെതിരേ വന്ന പരാതി പരിഹരിക്കാന്‍ നടത്തിയ ശ്രമത്തിന് പിന്നാലെ പ്രതികാര നടപടി ഉണ്ടാവുകയായിരുന്നുവെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഷെയ്‌നിന്റെ ഭാഗത്തുനിന്ന് അച്ചടക്കമില്ലായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും എന്നാല്‍ ഒരു വ്യക്തിയുടെ ജീവിതമാര്‍ഗ്ഗം തടഞ്ഞുകൊണ്ട് അയാളെ ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു.

വിനയന്റെ എഴുതിയ കുറിപ്പ്

ജീവിതമാര്‍ഗ്ഗം തടഞ്ഞുകൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. പക്ഷേ യുവതാരം ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായ അച്ചടക്കമില്ലായ്മ തെറ്റുതന്നെയാണ്. എന്റെ സുഹൃത്തായിരുന്ന, നമ്മെ വിട്ടുപിരിഞ്ഞ കലാകാരന്‍ അബിയുടെ മകനോട് ആ സ്‌നേഹവാല്‍സല്യത്തോടുകൂടി പറയട്ടെ ഭാഗ്യം കൊണ്ട് ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്. കാരണം ഷെയ്‌നിനെപ്പോലെയും ഷെയ്‌നിനെക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ അതു പ്രകടിപ്പിക്കാന്‍ ഒരവസരം കിട്ടാതെ അലയുന്നുണ്ട്. അപ്പോള്‍ തനിക്കു കിട്ടിയ ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവുകൊണ്ടാണെന്നുള്ള ഒരഹങ്കാരം ഷെയ്‌നിന് വന്നിരിക്കുന്നു എന്നത് അപകടകരമാണ്. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകുന്ന രീതിയില്‍ അതിനെ നിയന്തിക്കേണ്ടത് സിനിമയെന്ന ഈ വലിയ സാമ്പത്തിക മേഖലയില്‍ അനിവാര്യമാണ്.

ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം താരാധിപത്യങ്ങെേള എന്നും എതിര്‍ത്തിട്ടുള്ളവനാണ് ഞാന്‍. പക്ഷേ തൊഴില്‍ വിലക്ക് ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഷെയ്ന്‍ തെറ്റ് ഏറ്റുപറയുകയും പാതി വഴിയിലായ മുന്ന് പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിര്‍മ്മാതാവും സംവിധായകനും പറയുന്ന രീതിയില്‍ തീര്‍ത്തുകൊടുക്കുകയും ചെയ്ത ശേഷം മാത്രം.. ഒരു വിലക്കുമില്ലാതെ ഷെയ്‌നിന് മറ്റു സിനിമകളില്‍ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം. ഇപ്പോള്‍ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയ്ന്‍, അങ്ങനെ ഒരവസരം കിട്ടിയാല്‍ തന്റെ സ്വഭാവത്തില്‍ മാറ്റംവരുത്തി അഭിനയ രംഗത്ത് തുടരും എന്ന് പ്രതീക്ഷിക്കാം. ഈ അവസരത്തില്‍ 2008ല്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടനെതിരെ എടുത്ത അച്ചടക്ക നടപടിയും, ഇന്ന് വാചകമടിക്കുന്ന പ്രമുഖന്‍മാര്‍ അന്ന് അതിലെടുത്ത നിലപാടുകളും ഒന്ന് താരതമ്യം ചെയ്യുന്നത് അതീവ രസകരമാണ്. ആ ഇരട്ടത്താപ്പിനെപ്പറ്റി പറയാന്‍ അനുഭവസ്ഥനായ എനിക്കാണല്ലോ ഏറെ അവകാശം. ഷെയ്ന്‍ നിഗം കാണിച്ചതിലും വല്യ താരജാഡ ആയിരുന്നു അന്നത്തേത്.

2008 ല്‍ ഒരു വലിയ നടന്‍ ഒരു നിര്‍മ്മാതാവിന്റെ കൈയ്യില്‍ നിന്ന് മുഴുവന്‍ പ്രതിഫലത്തുകയും അഡ്വാന്‍സായി വാങ്ങി എഗ്രിമെന്റിട്ടശേഷം അത് പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് ആ പടത്തില്‍ അഭിനയിക്കണമെങ്കില്‍ എഗ്രിമെന്റില്‍ എഴുതി തീരുമാനിച്ച സംവിധായകനെ മാറ്റണമെന്ന് വാശിപിടിച്ചു. രണ്ട് വര്‍ഷമായി പിന്നാലെ നടത്തി ബുദ്ധിമുട്ടിക്കുന്നു, സെറ്റുകളില്‍ നടനെ കാണാന്‍ ചെന്നാല്‍ അവഗണിക്കുന്നു, കളിയാക്കുന്നു എന്നൊക്കെ എഴുതിയ ഒരു പരാതി അന്ന് മാക്ട ഫെഡറേഷന്‍ എന്ന സിനിമാ സംഘടനയുടെ ജനറല്‍ സെക്രട്ടറിയും മാക്ട എന്ന സാംസ്‌കാരിക സംഘടനയുടെ ചെയര്‍മാനും ആയിരുന്ന എന്റെ അടുത്തെത്തുന്നു. നിരവധി തവണ നടനുമായും അവരുടെ സംഘടനാ നേതാവുമായും സംസാരിച്ചിട്ടും നടന്‍ ഒരു രീതിയിലും വഴങ്ങില്ലായെന്നു വന്നപ്പോള്‍.. മൂന്ന് മാസത്തിനകം ഈ പ്രശ്‌നം സംസാരിച്ച് തീര്‍ത്തില്ലെങ്കില്‍ (ഇന്നത്തെപ്പോലെ ഉടനെയല്ല, മൂന്ന് മാസം കൊടുത്ത ശേഷമാണ്) ആ നടനുമായി നിസ്സഹകരിക്കേണ്ടി വരും എന്ന തീരുമാനം മാക്ട ഫെഡറേഷന്‍ എടുക്കുന്നു. ഇന്നത്തെ ഷെയ്ന്‍ നിഗം അല്ല അന്നത്തെ ആ ചെറിയ സൂപ്പര്‍ സ്റ്റാര്‍ എന്നോര്‍ക്കണം.. വലിയ സൂപ്പര്‍ സ്റ്റാറുകളെയും മലയാള സിനിമ മൊത്തത്തിലും എടുത്ത് അമ്മാനമാടാന്‍ കരുത്തുള്ള ആ നടന്‍ തനിക്കെതിരെ നടപടി എടുക്കാന്‍ മുന്നില്‍ നിന്ന വിനയനെ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുതന്നെ വിലക്കാന്‍ തീരുമാനിക്കുന്നു (അതായത് ഇന്നലെ ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ തീരുമാനിച്ചു എന്നുപറഞ്ഞ രഞ്ജിത്തിനെ ഷെയ്ന്‍ തിരിച്ചു വിലക്കാന്‍ തീരുമാനിക്കുംപോലെ). പക്ഷേ ഞാന്‍ പറഞ്ഞല്ലോ ഷെയ്ന്‍ അല്ല അന്നത്തെ ബഡാ താരം. വല്യ സാറ്റലൈറ്റ് വാല്യു ഉള്ള പിടിപാടുള്ള കോടീശ്വരന്‍. അയാളുടെ ഡേറ്റിനുവേണ്ടി ഭിക്ഷാംദേഹികളെപ്പോലെ കാത്തുനിന്ന വമ്പന്‍ സംവിധായകരും ഇന്ന് വലിയ വായില്‍ സംസാരിക്കുന്ന നിര്‍മ്മാതാക്കളും ഒരു രാത്രി കൊണ്ട് കളം മാറിച്ചവുട്ടി ഒരേ സ്വരത്തില്‍ പറഞ്ഞു.. എന്ത് എഗ്രിമെന്റ് ഉണ്ടേലും ഇത്രേം വലിയൊരു നടന്‍ അയാള്‍ക്കൊരു സംവിധായകന്റെ പടത്തില്‍ അഭിനയിക്കാനിഷ്ടമില്ലെന്നു പറഞ്ഞാല്‍ ബലമായിട്ട് പിടിച്ചഭിനയിപ്പിക്കാന്‍ പറ്റുമോ?

നടനുവേണ്ടി വക്കാലത്ത് പിടിക്കാന്‍ മല്‍സരമായിരുന്നു സംവിധായകരും നിര്‍മ്മാതാക്കളും. പക്ഷേ നടന്റെ കലി അതുകൊണ്ടും തീര്‍ന്നില്ല. തന്റെ ഈ സേവകരെക്കൊണ്ട് 'വിനയന്‍ സ്വേച്ഛാധിപതി, വിനയന്‍ ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിപ്പിച്ച് വലിയ സമ്മേളനം നടത്തി. വിനയന്റെ സിനിമ സെന്‍സര്‍ ചെയ്യില്ലന്ന് പറഞ്ഞ് പാവം നിര്‍മ്മാതാക്കളെ മുഴുവന്‍ തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ വെയിലത്ത് കൊണ്ടിരുത്തി സമരം ചെയ്യിച്ചു. അങ്കക്കലി പൂണ്ട നടന്‍ തനിക്കെതിരെ തീരുമാനമെടുത്ത സംഘടനതന്നെ തകര്‍ത്ത് തരിപ്പണമാക്കി. തന്റെ സേവകരെക്കൊണ്ട് പുതിയ സംഘടന തീര്‍ത്തു. വിനയനെ ആജീവനാന്തം വിലക്കി കാലഹരണപ്പെട്ടവനായി മുദ്രകുത്തി. എങ്ങനുണ്ട്? ഇതും ഒരു നടനെതിരെ നടപടി എടുത്ത ശേഷമുണ്ടായ പുകിലിന്റെയും പ്രതികാരവിലക്കിന്റെയും കഥയാണ്. അന്ന് ആ അതിബുദ്ധിമാനായ സൂപ്പര്‍ നടന്റെ സാമര്‍ഥ്യവും പണവും, ഹോട്ടലുകളില്‍ അയാള്‍ നടത്തിയ കോക്ടെയില്‍ പാര്‍ട്ടികളുടെ സംഘാടകരായിരുന്ന നമ്മുടെ സംവിധായക സിംഹങ്ങളും നിര്‍മ്മാണ പണ്ഡിതരും കൊടുത്ത പിന്തുണയും, അവസരവാദത്തിന്റെയും സ്വാര്‍ത്ഥതയുടെയും പ്രത്യക്ഷ ഉദാഹരണമാണന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആ കേസിനെപ്പറ്റി എഴുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ഇന്നും ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ അത് എന്റെ മനസാക്ഷിയുടെ കരുത്തും. അഛനമ്മമാര്‍ ചെയ്ത പുണ്യവും കൊണ്ടാണന്ന് ഞാന്‍ കരുതുന്നു. ഷെയ്ന്‍ നിഗത്തിന്റെ നിലവിലുള്ള ഇഷ്യുവിനെപ്പറ്റി എഴുതിയപ്പോള്‍ മനസ്സിലുയര്‍ന്ന ചിന്തകള്‍ പകര്‍ത്തിയെന്നേയുള്ളു..നീണ്ടു പോയെങ്കില്‍ ക്ഷമിക്കുക. അന്നത്തെ കപട നാടകങ്ങളുടെയും കഥാപാത്രങ്ങളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകം എഴുതിയാല്‍ കുറഞ്ഞത് ആയിരം പേജെങ്കിലും വരും.

വീണ്ടും ഇപ്പോഴത്തെ ഇഷ്യുവിലേക്ക് വന്നാല്‍ ഷെയ്ന്‍ നിഗം തെറ്റ് തിരുത്തണം. മുടിവെട്ടല്‍ പ്രതിഷേധമൊക്കെ നിര്‍ത്തി ഉല്ലാസം, വെയില്‍, കുര്‍ബാനി, എന്നീ മുന്ന് ചിത്രങ്ങളും യാതൊരുപാധിയും വെക്കാതെ തീര്‍ത്തുകൊടുക്കുകയും അതിന്റെ നിര്‍മ്മാതാക്കളും സംവിധായകരുമായി സഹകരിക്കുകയുംവേണം. അതോടെ നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് എല്ലാവിധ പ്രോല്‍സാഹനവും കൊടുക്കാന്‍ തയ്യാറാവുമെന്നും ഞാന്‍ കരുതുന്നു.

അമ്മയുടെ പ്രസിഡന്റായ ശ്രീ മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്‌നിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാല്‍ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്‌നം തീരാനും സഹായകമാകട്ടെ. പ്രിയപ്പെട്ട ഷെയ്ന്‍, ന്യൂജെന്‍ ചിന്തകളെല്ലാം നല്ലതു തന്നെ. പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ആയ പ്രേം നസീറിന്റെ ജീവചരിത്രവും അതുപോലെ ശ്രീ മമ്മൂട്ടിയും ശ്രീ മോഹന്‍ലാലും ഈ നിലയില്‍ എത്താനെടുത്ത ത്യാഗവും പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ന്‍ ഒന്നു പഠിക്കുന്നതു നല്ലതാണ്. ഏതായാലും ഷെയ്ന്‍ തിരുത്താന്‍ തയ്യാറാവുകയും അയാളുടെ പ്രായവും പക്വതക്കുറവും പരിഗണിച്ച് വീണ്ടും അഭിനയിക്കാനുള്ള അവസരം സംഘടനകള്‍ കൊടുക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.