Asianet News MalayalamAsianet News Malayalam

'എഗ്രിമെന്‍റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനും'; 'സത്യം' ഓര്‍മ്മ പങ്കുവച്ച് വിനയൻ

"അന്ന് നിർമാതാക്കൾ താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്‍റ് ഇല്ലായിരുന്നു"

vinayan shares interesting note on sathyam movie anniversary prithviaj sukumaran thilakan
Author
First Published Aug 28, 2024, 9:34 AM IST | Last Updated Aug 28, 2024, 9:34 AM IST

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ മലയാള സിനിമയെക്കുറിച്ച് ചൂടേറിയ സംവാദങ്ങള്‍ നടക്കുകയാണ്. ആ പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്ന ഒരു തര്‍ക്കത്തെക്കുറിച്ചും സത്യം എന്ന ചിത്രത്തിലൂടെ താന്‍ കൊണ്ടുവന്ന ഒരു പരിഷ്കാരത്തെക്കുറിച്ചും പറയുകയാണ് സംവിധായകന്‍ വിനയന്‍. സത്യത്തിന്‍റെ റിലീസ് വാര്‍ഷികത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍റെ കുറിപ്പ്.

വിനയന്‍റെ കുറിപ്പ്

സത്യം ഇറങ്ങിയിട്ട് ഇരുപത് വർഷം. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയാകുന്ന ഈ വേളയിൽ ഈ ചിത്രത്തെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലും സത്യത്തെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. പൃഥ്വിരാജും തിലകൻ ചേട്ടനും ബേബി തരുണിയുമൊക്കെയുള്ള, പ്രിയാമണി ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം. ഈ ചിത്രം എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പ്രൊജക്ടാണ്. മലയാള സിനിമയുടെ രാഷ്ട്രീയം പറയുന്ന, എന്റെ ജീവിതത്തിലെ പ്രതിസന്ധിയും വിലക്കുകളും ഒക്കെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്. 
മലയാള സിനിമയിലെ താരങ്ങൾ ഒരു സമരമെന്ന രൂപത്തിൽ വിദേശത്തേക്ക് പ്രോഗ്രാം നടത്താൻ പോകുന്ന സമയത്ത് ഫിലിം ചേംബറിന്റെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നിലപാടിനോട് ചേർന്ന് നിന്ന ഞാൻ താരങ്ങളുടെ സമരത്തിനെതിരായി എടുത്ത ഒരു ചിത്രം കൂടിയാണിത്. 

അന്ന് നിർമാതാക്കൾ താരങ്ങൾക്ക് കൊടുക്കുന്ന തുകയ്ക്ക് എഗ്രിമെന്റ് ഇല്ലായിരുന്നു. വൻ തുക കൊടുക്കുമ്പോൾ എഗ്രിമെന്റ് വേണമെന്ന് നിർമാതാക്കൾ പറയുകയും അത് പറ്റില്ല അങ്ങനെയാണെങ്കിൽ വേറെ ഫിലിം ചേംബർ പോലുമുണ്ടാക്കുമെന്ന് താരങ്ങൾ പറയുകയും ചെയ്ത സാഹചര്യത്തിൽ പ്രൊഡ്യൂസേഴ്സ് പറയുന്നതിലാണ് ന്യായമെന്നും എഗ്രിമെന്റ് വേണമെന്ന നിലപാട് ഞാനെടുക്കുകയും ചെയ്തു. മറ്റു മേഖലകളിൽ ചെറിയ ഒരു തുക കൈമാറുമ്പോൾ പോലും എഗ്രിമെന്റ് ഉള്ള നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഒരു വൻ തുക കൈമാറുമ്പോൾ എഗ്രിമെന്റ് പാടില്ല എന്നാണ് ഞാൻ ചിന്തിച്ചത്. നിർമാതാക്കളുടെയും ഫിലിം ചേംബറിന്റെയും അഭ്യർത്ഥന പ്രകാരം താരങ്ങൾ വിദേശത്തേക്ക് പോകുന്നതിന് മുൻപ് ഒരു സിനിമ ചെയ്യണമെന്ന് അവർ പറയുകയും എന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ആ ചിത്രം ഞാൻ ഏറ്റെടുക്കുകയും ചെയ്തു. 

അന്ന് എഗ്രിമെന്റ് വേണമെന്ന അഭിപ്രായമായിരുന്നു പൃഥ്വിരാജിനും തിലകൻ ചേട്ടനുമുണ്ടായിരുന്നത്. അവരെ കൂടാതെ ചില ആർട്ടിസ്റ്റുകൾ കൂടി മലയാളത്തിൽ നിന്നും വന്നു. പ്രിയാമണി ഉൾപ്പെടെ ബാക്കിയുള്ളവർ തമിഴിൽ നിന്നുമായിരുന്നു. വളരെ കുറച്ച് ദിവസം കൊണ്ട് പ്ലാൻ ചെയ്ത് കഥയും തിരക്കഥയുമെഴുതി ഷൂട്ടിങ് ആരംഭിച്ചു, അങ്ങനെ താരങ്ങളുടെ സമരത്തെ പരാജയപ്പെടുത്തുകയും ചെയ്തു. അങ്ങനെ വന്ന എഗ്രിമെന്റ് ആണ് ഇന്ന് മലയാള സിനിമയിൽ തുടരുന്നതെന്നുള്ള സത്യം പുതിയ തലമുറയിലെ എത്ര പേർക്ക് അറിയും എന്നെനിക്കറിയില്ല. അതിനു ശേഷമാണ് ഞാൻ ഈ പറയുന്ന ശത്രുപക്ഷത്തിലേക്ക് മാറുന്നത്. അതൊന്നും മനപ്പൂർവമല്ലായിരുന്നു, എന്റെ നിലപാടായിരുന്നു എഗ്രിമെന്റ് വരുന്നതിൽ കുഴപ്പമൊന്നുമില്ല എന്നുള്ളത്. പൃഥിവിരാജിന് നല്ലൊരു ആക്ഷൻ സ്റ്റാർ എന്ന ലേബൽ ആ ചിത്രം ഉണ്ടാക്കിക്കൊടുത്തു. ഒത്തിരി ഓർമ്മകൾ മനസ്സിൽ വരുന്ന ഒരു ചിത്രമായതുകൊണ്ട് തന്നെ സത്യത്തിന് അതിന്റേതായ പ്രസക്തിയുണ്ട്.

ALSO READ : റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ കേന്ദ്ര കഥാപാത്രങ്ങള്‍; ഷാഹി കബീര്‍ ചിത്രം ഇരിട്ടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios