കായംകുളം കൊച്ചുണ്ണിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ചെമ്പൻ വിനോദാണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

സിജു വിൽസനെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ താരമായ കയാദുവാണ്. ഈ സിനിമയോടെ കയാദു, അഭിനേത്രി എന്ന നിലയില്‍ മലയാളത്തിന്റെ അഭിമാന താരമാകുമെന്ന് പറയുകയാണ് വിനയന്‍. നടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടായിരുന്നു സംവിധായകന്റെ കുറിപ്പ്.

വിനയന്റെ വാക്കുകള്‍

19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു..
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു.
ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് "പത്തൊൻപതാം നൂറ്റാണ്ട്"..... ഇതിലെ നായകൻ സിജു വിൽസൺ ഈ ചിത്രത്തോടെ മലയാള സിനിമയുടെ താരസിംഹാസനത്തിൽ എത്തും എന്നു ഞാൻ പറഞ്ഞിരുന്നു..
അതുപോലെ തന്നെ "പത്തൊൻപതാം നുറ്റാണ്ടി"ലെ നായിക കയാദുവും ഒരഭിനേത്രി എന്ന നിലയിൽ മലയാളത്തിൻെറ അഭിമാന താരമായിമാറും..
ഇന്നു മലയാളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും വലുതും ചെലവേറിയതുമായ ഈ സിനിമയിൽ,നിങ്ങടെ മനസ്സിനെ മഥിക്കുന്ന ചരിത്ര കഥാ മുഹൂർത്തങ്ങളും, രംഗങ്ങളും ആകർഷകമായി ഒരുക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. 
മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ഈ ചിത്രം ചെയ്യാൻ എന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ശ്രി ഗോകുലം ഗോപാലേട്ടനോടുള്ള സ്നേഹാദരവും ഇവിടെ രേഖപ്പെടുത്തട്ടെ..വിനയൻ..

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി അവസാനം ആരംഭിച്ചിരുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ചെമ്പൻ വിനോദാണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona