തന്റെ അച്ഛന് സിനിമയോടുള്ള അഭിനിവേശം എന്താണെന്ന് തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭത്തെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഈ വര്‍ഷാദ്യം അനാരോഗ്യത്തെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച സമയത്ത് അച്ഛന്‍ തന്നോട് സംസാരിച്ചതത്രയും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചാണെന്ന് വിനീത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്.

'അച്ഛനെപ്പോലെയുള്ളവരെ സംബന്ധിച്ച് സിനിമ എന്നത് ഒരു ജീവിതനില തന്നെയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴും, വരാനിരിക്കുന്ന സിനിമകളുടെ കഥകളാണ് അദ്ദേഹം എന്നോട് പങ്കുവച്ചത്. അത് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. കാരണം അവയിലൊക്കെ ഇതുവരെ ചെയ്യാത്തതരം കഥാപാത്രങ്ങളായിരുന്നു അച്ഛന്. ഏതൊക്കെ ജീവിതാവസ്ഥകളില്‍ നില്‍ക്കുമ്പോഴും അച്ഛന്റെ തലമുറ സിനിമയെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതും എനിക്ക് അന്ന് മനസിലായി', വിനീത് ശ്രീനിവാസന്‍ പറയുന്നു.

അതേസമയം നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'തണ്ണീര്‍ മത്തന്‍ ദിനങ്ങളാ'ണ് വിനീത് ശ്രീനിവാസന്‍ അഭിനയിച്ച് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനകം പുറത്തെത്തിയ ട്രെയ്‌ലറിലൂടെയും വീഡിയോ സോംഗിലൂടെയുമൊക്കെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തില്‍ രവി പത്മനാഭന്‍ എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുക. ഇനി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും പറയുന്നു വിനീത്.