വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം  'ഹൃദയ'ത്തിന്റെ പുതിയ മ്യൂസിക് വീഡിയോ.

വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയം' (Hridayam) ഗാനങ്ങള്‍ കൊണ്ട് ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം 'ദര്‍ശന' തന്നെ വൻ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ടുതന്നെ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാറുമുണ്ട്. ഇപോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാൽ തന്നെ പുതിയ ഗാനം തമിഴിൽ ആയിരിക്കുമെന്നും വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ഗുണ ബാലസുബ്രഹ്മണ്യമെന്ന സംഗീതജ്ഞൻ ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോൻ ആണ് ആലപിച്ചിരിക്കുന്നത്. 'കുരള്‍ കേക്കുത' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. ഇതുവരെയിറങ്ങിയ ഹൃദയം ചിത്രത്തിലെ ഗാനങ്ങള്‍ ഹേഷമിന്റെ സംഗീത സംവിധാനത്തില്‍ വൻ ഹിറ്റായതിനാല്‍ ആരാധനയോടെയാണ് റിലീസിന് കാത്തിരിക്കുന്നത്. ജനുവരി 21ന് ആണ് ചിത്രം റിലീസ് ചെയ്യുക.