നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ 'കരം' ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിർമ്മാണം.
സൂപ്പർ ഹിറ്റായ 'ഹൃദയം' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കരം'. വലിയ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകർ ചിത്രത്തെ നോക്കികണ്ടിരുന്നത്. എന്നാൽ തിയേറ്ററിൽ വലിയ രീതിയിലുള്ള ഓളം സൃഷ്ടിക്കാനോ, പ്രേക്ഷകപ്രീതി പിടിച്ചുപറ്റാനോ ചിത്രത്തിനായിരുന്നില്ല. സെപ്റ്റംബർ 25 നായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 1.25 കോടി രൂപ മാത്രമായിരുന്നു ആഗോള ബോക്സ് ഓഫീസിൽ നിന്നും ചിത്രം നേടിയത്. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.
ഇനി പ്രതീക്ഷ ഒടിടിയിൽ
തിയേറ്ററിൽ വിജയിച്ചില്ലെങ്കിലും ഇനി ഒടിടിയിലാണ് ചിത്രത്തിന്റെ പ്രതീക്ഷ. മനോരമ മാക്സിലൂടെ നവംബർ 7 മുതലാണ് ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തിയത്. പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളാണ് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്, പിആർഒ ആതിര ദിൽജിത്ത്.



