മലർവാടിക്ക് മുമ്പ് താനൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതിലെ നായകന്‍ ദുല്‍ഖര്‍(Dulquer) സല്‍മാനായിരുന്നുവെന്നും വിനീത് പറയുന്നു. 

ഗായകനായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസൻ(Vineeth Sreenivasan). ഏത് മേഖലയും തന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് വിനീത് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. വിനീതിന്റെ സംവിധാനത്തിലിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം ഇന്നും സിനിമാസ്വാദകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്. മലർവാടിക്ക് മുമ്പ് താനൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതിലെ നായകന്‍ ദുല്‍ഖര്‍(Dulquer) സല്‍മാനായിരുന്നുവെന്നും പറയുകയാണ് വിനീത്. 

'ഞാന്‍ ആദ്യം ഒരു സിനിമ ഡയറക്ട് ചെയ്യാന്‍വേണ്ടി കഥ ചെന്ന് പറയുന്നത് ദുര്‍ഖറിന്റെ അടുത്താണ്. അന്ന് ദുല്‍ഖല്‍ സിനിമയില്‍ വന്നിട്ടില്ല. ഞാന്‍ പടം ഡയറക്ട് ചെയ്തിട്ടുമില്ല. ഒരു സ്‌ക്രിപ്റ്റ് ഞാന്‍ ദുല്‍ഖറിനോട് പറയുന്നു. ഫസ്റ്റ് ഹാഫ് ദുര്‍ഖറിന് ഇഷ്ടമായി. സെക്കന്റ് ഹാഫ് റീവര്‍ക്ക് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിനിടെ ആ സ്‌ക്രിപ്റ്റ് ഞാന്‍ അച്ഛന് വായിക്കാന്‍ കൊടുത്തു. അച്ഛനത് ഇഷ്ടമായില്ല. എടുത്ത് ദൂരെ കളയാന്‍ പറഞ്ഞു. അന്ന് ആ പടം ദുല്‍ഖര്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ കടക്കാരനായി പോകുമായിരുന്നു. അതിനുശേഷം ഞാന്‍ എഴുതിയ തിരക്കഥയാണ് മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റേത്. അതിനുശേഷവും ദുര്‍ഖറുമായി പല ചര്‍ച്ചകളും നടന്നിരുന്നു. ഒരു പടം ആള്‍മോസ്റ്റ് പ്ലാന്‍ ചെയ്തിട്ട് നടക്കാതെ പോവുകയായിരുന്നു. ഭാവിയില്‍ ഏതായാലും ഒരു ദുല്‍ഖര്‍ സിനിമ ഉണ്ടാകും. അതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ട്', വിനീത് പറഞ്ഞു. കാന്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യനായകന്‍ ദുര്‍ഖര്‍ സല്‍മാൻ ആയിരുന്നുവെന്ന് വിനീത് വെളിപ്പെടുത്തിയത്. 

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശനാ രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ഹൃദയമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. 2022 ജനുവരി 21ന് ചിത്രം തിയറ്ററുകളിൽ എത്തും. സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയില്‍ 15 പാട്ടുകളാണുള്ളത്. നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന ഗാനവും വിനീതും ഭാര്യ ദിവ്യയും ചേര്‍ന്നു പാടിയ ഉണക്കമുന്തിരി എന്ന ഗാനവും ഹിറ്റായിരുന്നു.