വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'ഹൃദയം'.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലെ ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് ആകാംക്ഷയ്‍ക്ക് കാരണം. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ 'ഹൃദയം' ചിത്രത്തിന്റെ ഒരു പ്രമോഷണല്‍ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ഒരു ആരാധകൻ ചെയ്‍ത വീഡിയോ വിനീത് ശ്രീനിവാസൻ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ആരാണ് ഇത് ചെയ്‍തത് എന്ന് അറിയില്ലെങ്കിലും സന്തോഷമുണ്ടെന്നാണ് വിനീത് ശ്രീനിവാസൻ എഴുതിയിരിക്കുന്നത്. പ്രണവ് മോഹൻലാലാണ് വീഡിയോയില്‍ ഉള്ളത്. കല്യാണി പ്രിയദര്‍ശനെയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് 'ഹൃദയം' നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

ദര്‍ശന, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തുന്നത്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.