നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം

വിനീത് ശ്രീനിവാസനും (Vineeth Sreenivasan) ഷൈന്‍ ടോം ചാക്കോയും (Shine Tom Chacko) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുറുക്കന്‍ (Kurukkan) എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് സംവിധാനം. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ്‌ റാംസിങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

വർണ്ണച്ചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ശ്രീനിവാസൻ, അജു വർഗീസ് എന്നിവരും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്. പിആർഒ എ എസ് ദിനേശ്. അതേസമയം ആറ് വര്‍ഷത്തിനിപ്പുറം സ്വന്തം സംവിധാനത്തിലെത്തിയ ചിത്രമായ ഹൃദയം വിജയം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് വിനീത് ശ്രിനിവാസന്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം കൊവിഡ് മൂന്നാം തരംഗം നിലനില്‍ക്കുന്ന പരിതസ്ഥിതിയിലും നേരത്തെ തീരുമാനിച്ച റിലീസ് തീയതിയില്‍ തന്നെ തിയറ്ററുകളില്‍ എത്തുകയായിരുന്നു. എന്നാല്‍ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. പ്രണവ് മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയവുമാണ് ഈ ചിത്രം. ജനുവരി 21ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. ഫെബ്രുവരി 18ന് ആയിരുന്നു ഒടിടി പ്രീമിയര്‍.

അതേസമയം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങള്‍ തിയറ്ററുകളില്‍ തുടര്‍ച്ചയായ വിജയം നേടുന്നതിന്‍റെ ആഹ്ലാദത്തിലാണ് ഷൈന്‍ ടോം ചാക്കോ. ദുല്‍ഖര്‍ സുകുമാരക്കുറുപ്പായി എത്തിയ കുറുപ്പില്‍ ഷൈന്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോള്‍ തിയറ്ററുകളില്‍ മികച്ച വിജയം നേടുന്ന അമല്‍ നീരദ്- മമ്മൂട്ടി ടീമിന്‍റെ ഭീഷ്മ പര്‍വ്വത്തിലും ഷൈനിന് വേഷമുണ്ട്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ഇത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്നതുതന്നെ ആയിരുന്നു ഈ ഹൈപ്പിന് കാരണം. തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചതിനു ശേഷമുള്ള ആദ്യ ബിഗ് റിലീസ് എന്നതും ചിത്രത്തിന് ഗുണമായി. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രം ഇതിനകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം വരാനിരിക്കുന്ന നിരവധി ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗവുമാണ് ഷൈന്‍ ടോം ചാക്കോ. വെള്ളേപ്പം, തല്ലുമാല, ജിന്ന്, റോയ് എന്നീ ചിത്രങ്ങള്‍ക്കൊപ്പം വിജയ് നായകനാവുന്ന തമിഴ് ചിത്രം ബീസ്റ്റിലും ഷൈനിന് വേഷമുണ്ട്.