മിഷന്‍- സിക്കു ശേഷമുള്ള വിനോദ് ഗുരുവായൂര്‍ ചിത്രം

കാര്‍ റേസിംഗ് പശ്ചാത്തലമാക്കുന്ന സിനിമയുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ (Vinod Guruvayoor). താന്‍ ഇതുവരെ ചെയ്‍തതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാവും ഇതെന്നും രചന ആരംഭിക്കുകയാണെന്നും വിനോദ് ഗുരുവായൂര്‍ പറയുന്നു. ഹിമാലയവും ചെന്നൈയും ആയിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സിനിമയെന്നും സംവിധായകന്‍ പറയുന്നു.

ഹിമാലയന്‍ റാലിയുമായി ബന്ധപ്പെട്ട ട്രാവല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രം. കാസ്റ്റിംഗ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ്, ഹിന്ദി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനോദ് ഗുരുവായൂര്‍ പറയുന്നു. മിഷന്‍- സിക്കു ശേഷം വിനോദ് ഗുരുവായൂര്‍ പ്രഖ്യാപിച്ചിരുന്ന പ്രതി പ്രണയത്തിലാണ് എന്ന ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിട്ടുണ്ട്. പിആര്‍ഒ എ എസ് ദിനേശ്.

വിനോദ് ഗുരുവായൂരിന്‍റെ കഴിഞ്ഞ ചിത്രമായ മിഷന്‍ സിയില്‍ അപ്പാനി ശരത്ത് ആയിരുന്നു നായകന്‍. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിച്ചത്. മീനാക്ഷി ദിനേശ് നായികയായ ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ബസ്‌ ഹൈജാക്ക് ചെയ്യപ്പെടുന്നതും തുടര്‍ന്നുള്ള പൊലീസ് ചേസിംഗും കമൻഡോ ഓപ്പറേഷനും ഒക്കെയായി ത്രില്ലര്‍ മോഡില്‍ കഥ പറയുന്ന ചിത്രമാണിത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രാഹകന്‍. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. തിയറ്റര്‍ റിലീസിനു പിന്നാലെ നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെ ഒടിടി റിലീസ് ആയും ചിത്രം എത്തിയിരുന്നു.

അതേസമയം വാഗമണ്ണിന്‍റെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ച് വികസിക്കുന്നതാണ് പ്രതി പ്രണയത്തിലാണ് എന്ന ചിത്രം. മലയാള സിനിമയില്‍ പൊതുവെ കണ്ടിട്ടുള്ള പൊലീസ് കഥകളോ കുറ്റാന്വേഷണ രീതികളോ അല്ല ഈ ചിത്രത്തിലുള്ളതെന്നും വളരെ വ്യത്യസ്തമായ പ്രമേയവും സമീപനങ്ങളുമാണ് പുതിയ ചിത്രത്തിന്‍റേതെന്നും വിനോദ് ഗുരുവായൂര്‍ പറഞ്ഞിരുന്നു. ആക്ഷനും സസ്പെന്‍സും ത്രില്ലറും ഒക്കെ നിറഞ്ഞ പുതുമയുള്ള ശൈലിയാണ് ഈ സിനിമയുടേത്. പൊലീസ് സ്റ്റോറിയിലൂടെയാണ് കഥ സഞ്ചരിക്കുന്നതെങ്കിലും സാമൂഹികമായ ചില പ്രശ്നങ്ങളും മനുഷ്യന്‍റെ നിസ്സഹായതകളും അതിജീവനങ്ങളുമൊക്കെ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിനോദ് ഗുരുവായൂരിനൊപ്പം മുരളി ഗിന്നസും ഈ ചിത്രത്തിന്‍റെ തിരക്കഥയില്‍ പങ്കുചേരുന്നുണ്ട്.