തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍. 'മിഷന്‍-സി' എന്ന ചിത്രത്തിനുശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ് 15ന് പഴനിയില്‍ ആരംഭിക്കും. അദ്ദേഹത്തിന്‍റെ ആദ്യ തമിഴ് ചിത്രവുമാണിത്. ചിത്രത്തിലേക്ക് എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിനോദ് ഗുരുവായൂര്‍ ഇങ്ങനെ പറയുന്നു.

"വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെങ്കിലും എന്‍റെ വളരെക്കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയിലേക്കുള്ള രംഗപ്രവേശം. സിനിമയുടെ കാര്യങ്ങള്‍ക്കായി ചെന്നൈയില്‍ പോയിരുന്ന കാലം തൊട്ടേ തമിഴ്‌നാടും തമിഴ് സംസ്‌കാരവും എന്നെ ആകര്‍ഷിച്ചിരുന്നു. അവരുടെ ജീവിത കാഴ്ചപ്പാടുകളും കാര്‍ഷിക സംസ്‌കാരവും എന്നില്‍ കൗതുകം ഉണര്‍ത്തിയിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ജല്ലിക്കട്ട് നിരോധനവും തുടര്‍ന്നുണ്ടായ സമരവും പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം നീക്കലുമൊക്കെ ലോക ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളാണ്. പഴനിയിലെ റിച്ച് മള്‍ട്ടിമീഡിയയുടെ ഡയറക്ടര്‍ ഡോക്ടര്‍ ജയറാം ശിവറാം ജല്ലിക്കട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോള്‍ വലിയ സന്തോഷത്തോടെ ഞാനത് ഏറ്റെടുക്കുകയായിരുന്നു", വിനോദ് ഗുരുവായൂര്‍ പറയുന്നു.

ജല്ലിക്കട്ട് മത്സരത്തിന്‍റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ ചിത്രത്തിലുണ്ടാവും. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിലാണ് മെയ് 15ന് ചിത്രീകരണം ആരംഭിക്കുക. പിആര്‍ഒ എ എസ് ദിനേശ്. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ച വിനോദ് ഗുരുവായൂര്‍ ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ 'ചക്ര'ത്തില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ആയിരുന്നു. ദീപന്‍റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ 'ഹീറോ'യ്ക്ക് തിരക്കഥയൊരുക്കി. ശിഖാമണി, സകലകലാശാല, മിഷന്‍-സി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.