മലയാള സിനിമയിലെ ആദ്യത്തെ ഡയറക്ട് ഒടിടി റിലീസ് ആയ 'സൂഫിയും സുജാതയും' വെള്ളിയാഴ്ചയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. മലയാളത്തില്‍ ഇത്തരമൊരു റിലീസ് ആയതിനാല്‍ സിനിമാ മേഖലയിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു ചിത്രം. ഇപ്പോഴിതാ ഇതിനുപിന്നാലെ മറ്റൊരു സിനിമയും ഡയറക്ട് ഒടിടി റിലീസ് ആയി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നു. വിപിന്‍ ആറ്റ്ലി സംവിധാനം ചെയ്‍ത 'മ്യൂസിക്കല്‍ ചെയര്‍' എന്ന സിനിമയാണ് നേരിട്ടുള്ള ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തുന്നത്.

മെയിന്‍സ്ട്രീം ടിവി ആപ്പ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഞായറാഴ്ചയാണ് (5) റിലീസ്. സൂഫിയും സുജാതയും ആമസോണ്‍ പ്രൈം സബ്‍സ്ക്രൈബ് ചെയ്‍തവര്‍ക്കാണ് കാണാന്‍ സാധിച്ചതെങ്കില്‍ 'മ്യൂസിക്കല്‍ ചെയര്‍' പേ ആന്‍ഡ് വാച്ച് വിഭാഗത്തിലുള്ള റിലീസ് ആണ്. ഇത്തരത്തിലുള്ള ആദ്യ മലയാളം റിലീസ് ആണ് ചിത്രമെന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. ഇന്ത്യയിലെ ഓണ്‍ലൈന്‍ കാഴ്‍ചയ്ക്ക് 40 രൂപയാണ് ഈടാക്കുക, ഇന്ത്യയ്ക്കു പുറത്ത് രണ്ട് ഡോളറും. മൊബൈൽ ഫോണ്‍, ടാബ്‍ലെറ്റ്, ലാപ്ടോപ്പ്, സ്മാർട്ട് ടിവി തുടങ്ങിയവയില്‍ കാണാനാവും.

ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ സിനിമകള്‍ക്കു ശേഷം വിപിന്‍ ആറ്റ്ലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് മ്യൂസിക്കല്‍ ചെയര്‍. മരണഭയമാണ് ചിത്രത്തിന്‍റെ പ്രമേയം. ഉറക്കത്തിൽ ഹൃദയാഘാതം വന്ന് മരിച്ചു പോകുമെന്ന, മാര്‍ട്ടിന്‍ എന്ന 32കാരന്‍റെ ഭയത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മരിക്കാൻ ഭയമുള്ള മാർട്ടിൻ മരണത്തിന്‍റെ നിഗൂഢതകള്‍ അന്വേഷിക്കുകയാണ്. ആ യാത്ര ഒരു കസേരകളിയിൽ ആരംഭിച്ചു അതേ കസേരകളിയിൽ അവസാനിക്കുന്നു. അന്വേഷിക്കുന്തോറും മരണത്തിന്‍റെ ചുരുളുകൾ അഴിയുകയും ചെയ്യുന്നു. ചിത്രത്തിന്‍റെ രചനയും വിപിന്‍ ആറ്റ്ലി തന്നെ. സ്പൈറോഗിറയുടെ  ബാനറിൽ അലൻ രാജൻ മാത്യു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.