മുംബൈ: സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശര്‍മ്മയും. ഇരുവരുടെയും പ്രണയവും ജീവിതവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ സന്തോഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വിരാടും അനുഷ്കയും പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹ വാര്‍ഷികത്തിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് താരങ്ങള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിരാടും അനുഷ്കയും വിവാഹ വാര്‍ഷികം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.

മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ മുഖം കാണുന്നു എന്ന വിക്റ്റര്‍ ഹ്യൂഗോയുടെ പ്രശസ്തമായ വരികള്‍ ഉദ്ധരിച്ചാണ് അനുഷ്ക തന്‍റെ പ്രണയാര്‍ദ്രമായ കുറിപ്പ് തുടങ്ങുന്നത്. പ്രണയം വെറും വികാരം മാത്രമല്ലെന്നും പരമമായ സത്യത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥ പ്രണയത്തിലൂടെ താന്‍ സത്യത്തെ കണ്ടെത്തിയെന്നും അനുഷ്ക കുറിച്ചു. പ്രണയമല്ലാതെ മറ്റൊന്നും യാഥാര്‍ത്ഥ്യമല്ലെന്നും ഏറ്റവും നല്ല പങ്കാളിയെ ലഭിക്കുമ്പോള്‍ നന്ദി മാത്രമാണ് തോന്നുന്നതെന്നും വിരാട് പറഞ്ഞു. കുറിപ്പിനൊപ്പം വിവാഹത്തിന്‍റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് ഇവര്‍ പങ്കുവെച്ചത്.