ജാഗ്രണ്‍ ഫിലിം ഫെസ്റ്റിവലിന്റെ 2019 എഡീഷനില്‍ മികച്ച ഇന്ത്യന്‍ ഫീച്ചറിനുള്ള പുരസ്‌കാരം നേടി ആഷിക് അബു ചിത്രം 'വൈറസ്'. 29ന് മുംബൈയിലായിരുന്നു പുരസ്‌കാര വിതരണം. ആഷിക്കിനൊപ്പം തിരക്കഥാകൃത്തുക്കളായ സുഹാസ്, ഷര്‍ഫു, മുഹ്‌സിന്‍ പരാരി എന്നിവരും ചടങ്ങിന് എത്തിയിരുന്നു. 

മികച്ച സംവിധാനത്തിനുള്ള അവാര്‍ഡുകള്‍ രണ്ട് പേര്‍ക്കാണ്. ഗാവരേ ബൈരേ ആജ് ഒരുക്കിയ അപര്‍ണാ സെന്നും ബുള്‍ബുള്‍ കാന്‍ സിംഗ് ഒരുക്കിയ റിമാ ദാസും ചേര്‍ന്ന് അവാര്‍ഡ് പങ്കിട്ടു. ഷഫാലി ഷാ ആണ് മികച്ച നടി. മികച്ച നടന്‍ പങ്കജ് ത്രിപാഠി. മികച്ച ഡോക്യുമെന്ററി വിഡോസ് ഓഫ് വൃന്ദാവന്‍. 

ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി 50 ചിത്രങ്ങളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഫെസ്റ്റിവലിന്റെ ഭാഗമായി പലസമയങ്ങളിലായി കാണ്‍പൂര്‍, ലഖ്‌നൗ, അലഹാബാദ്, വാരണാസി, ആഗ്ര, മീററ്റ്, ഡെഹ്രാഡണ്‍, ഹിസാര്‍, ലുധിയാന, പാട്‌ന, റാഞ്ചി, ജംഷഡ്പൂര്‍, ഗോരഖ്പൂര്‍, റായ്പൂര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍ എന്നീ നഗരങ്ങളിലും സിനിമാ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.