ആക്ഷൻ ത്രില്ലറോട് കൂടിയ ഒരു ആത്മീയ യാത്രയാണ് കണ്ണപ്പ എന്നാണ് എക്സ് പ്ലാറ്റ് ഫോം റിവ്യുവർമാർ കുറിക്കുന്നത്.
മോഹൻലാൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം. ഇതായിരുന്നു കണ്ണപ്പ എന്ന ചിത്രത്തിലേക്ക് മലയാളികളെ അടുപ്പിച്ച പ്രധാന ഘടകം. പിന്നാലെ വന്ന അപ്ഡേറ്റുകളെല്ലാം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രം ശിവഭക്തന്റെ കഥയാണ് പറയുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ഹൈപ്പുകൾക്കും ഒടുവിൽ കണ്ണപ്പ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പടത്തിന്‍റെ ആദ്യ റിവ്യൂകളും പുറത്തുവന്നിട്ടുണ്ട്.
ആക്ഷൻ ത്രില്ലറോട് കൂടിയ ഒരു ആത്മീയ യാത്രയാണ് കണ്ണപ്പ എന്നാണ് എക്സ് പ്ലാറ്റ് ഫോം റിവ്യുവർമാർ കുറിക്കുന്നത്. വൈകാരികവും ശക്തവുമായ കഥയാണ് സിനിമയെന്നും ശക്തമായ ക്ലൈമാക്സ് ആണ് കണ്ണപ്പയുടെ ഹൈലൈറ്റ് എന്നും ഇവർ പറയുന്നുണ്ട്. വിഷ്ണു മഞ്ചുവിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്ന് പറയുന്നതിനൊപ്പം പ്രഭാസ്, അക്ഷയ് കുമാർ, മോഹൻലാൽ എന്നിവരുടെ പ്രകടനം പ്രേക്ഷക മനസിനെ നിറവുള്ളതാക്കിയെന്നും പറയുന്നു. ഫസ്റ്റ് ഹാഫിനെക്കാള്‍ സെക്കന്‍റ് ഹാഫാണ് ഏറ്റവും മികച്ചു നില്‍ക്കുന്നതെന്നും പ്രേക്ഷകര്‍ പറഞ്ഞു. പ്രഭാസിനാണ് പ്രശംസ ഏറെയും. പ്രഭാസ് സിനിമയ്ക്ക് വലിയ മുതൽകൂട്ടാകുമെന്നാണ് ഇവർ പറയുന്നത്.
"പ്രഭാസിന്റെയും മോഹൻലാലിന്റേയും അതിഥി വേഷങ്ങൾ അതിശയിപ്പിച്ചു കളഞ്ഞു. പ്രത്യേകിച്ച് അവസാന 30 മിനിറ്റാണ് സിനിമയുടെ ഹൈലൈറ്റ്. ഈ അവസരത്തിലാണ് പ്രഭാസ് വരുന്നത്. നടന്റെ വരവോടെ സിനിമ വേറെ ലെവലിൽ എത്തി. പടത്തിന്റെ റേഞ്ച് തന്നെ മാറ്റിക്കളഞ്ഞു. പരമശിവനായെത്തിയ അക്ഷയ് കുമാറും ഭേദപ്പെട്ട പ്രടനം കാഴ്ചവച്ചിട്ടുണ്ട്", എന്നാണ് ഒരാൾ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. കണ്ണപ്പയുടെ ആദ്യ റിവ്യുകൾ മാത്രമാണ് നിലവിൽ വന്നിരിക്കുന്നത്. നിലവിൽ വിവിധ ഇടങ്ങളിൽ ഷോകൾ പുരോഗമിക്കുകയാണ്. കേരളത്തിൽ ഷോ ആരംഭിക്കാൻ പോകുകയാണ്. വരും മണിക്കൂറുകളിലെ പ്രേക്ഷക പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.
മോഹൻലാൽ, പ്രഭാസ്,അക്ഷയ് കുമാർ മോഹൻബാബു, വിഷ്ണു മഞ്ജു, കാജൽ അഗർവാൾ തുടങ്ങി വൻ താരനിര അണിനിരന്ന സിനിമയാണ് കണ്ണപ്പ. ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിലാണ് കേരളത്തിൽ കണ്ണപ്പ റിലീസ് ചെയ്യുന്നത്. ആശീർവാദ് സിനിമാസാണ് വിതരണം. മുകേഷ് കുമാർ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്.



