ചിത്രം ജൂൺ 27ന് റിലീസ് ചെയ്യും.
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ തെലുങ്ക് സിനിമയാണ് കണ്ണപ്പ. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രത്തിൽ മോഹൻലാൽ കൂടി എത്തുന്നുവെന്ന് അറിഞ്ഞതോടെ മലയാളികളും സിനിമ ഏറ്റെടുത്തു. അതിഥി വേഷത്തിലാകും മോഹൻലാൽ കണ്ണപ്പയിൽ എത്തുക. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ചിത്രം ജൂൺ 27ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇതോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം കണ്ണപ്പയുടെ ട്രെയിലറും പുറത്തുവിട്ടിരുന്നു.
മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒപ്പം വിമർശനവും ഉണ്ട്. സിനിമയുടെ ആദ്യം മുതൽ അവസാനം വരെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലരുടെ വിമർശനം. ഇതിനിടയിലും സിനിമയെ പുകഴ്ത്തുന്നവർ ധാരാളമാണ്. പ്രഭാസിനാണ് പ്രശംസ ഏറെയും. രുദ്ര എന്ന കഥാപാത്രമായി പ്രഭാസ് വിസ്മിയിപ്പിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ കഥാപാത്രത്തെ ജീവസുറ്റതാക്കി പ്രഭാസ് മാറ്റിയെന്നും ട്രെയിലർ കണ്ട് പ്രേക്ഷകർ പറയുന്നുണ്ട്. 15 മിനിറ്റിൽ മോഹൻലാൽ കാണിക്കുന്ന വിസ്മയം കാണാൻ കാത്തിരിക്കുന്നുവെന്നാണ് മലയാളികൾ പറയുന്നത്. അതേസമയം, അക്ഷയ് കുമാറിന് പകരം കൈലാസ നാഥൻ സീരിയലിലെ നടനെ ശിവനാക്കിയാൽ മതിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ തട്ടുതാണു തന്നെ എന്നും മലയാളികൾ പറയുന്നുണ്ട്.
വിഷ്ണു മഞ്ചുവിന്റെ പാൻ-ഇന്ത്യൻ പുരാണ ചിത്രമാണ് കണ്ണപ്പ. ചിത്രത്തിന്‍റെ റൺടൈം 3 മണിക്കൂറും 10 മിനിറ്റും ആണ്. പ്രഭാസ് 30 മിനിറ്റും മോഹന്‍ലാല്‍ 15 മിനിറ്റും ചിത്രത്തിലുണ്ടാകും. ഇരുവരും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു തുറത്തു പറഞ്ഞിരുന്നു. സ്റ്റീഫൻ ദേവസിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

