തമിഴ് സിനിമയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 'രാക്ഷസന്‍'. കേരളം അടക്കമുള്ള തമിഴ്‌നാടിന് പുറത്തെ മാര്‍ക്കറ്റുകളിലും വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ചിത്രം. എന്നാല്‍ പല ജനപ്രിയ സിനിമാ അവാര്‍ഡുകളിലും 'ചിത്രം' പരാമര്‍ശിക്കപ്പെട്ടില്ല. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട സൈമ ഫിലിം അവാര്‍ഡ്‌സിലും 'രാക്ഷസന്' പുരസ്‌കാരമൊന്നും ഉണ്ടായിരുന്നില്ല. പുരസ്‌കാരപ്പട്ടികകളിലൊന്നും ഇടംപിടിച്ചില്ലെങ്കിലും ചിത്രം കൈയടിച്ച് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ചിത്രത്തില്‍ നായകനായെത്തിയ വിഷ്ണു വിശാല്‍.

സൈമാ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം, എന്നാല്‍ അതിന്റെ പേര് പരാമര്‍ശിക്കാതെയാണ് വിഷ്ണു വിശാലിന്റെ അഭിപ്രായപ്രകടനം. ട്വിറ്ററില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെ. 'രാക്ഷസന്‍ ഒരു വിഭാഗത്തിലും ഇടംപിടിക്കാതെ മറ്റൊരു സിനിമാ അവാര്‍ഡ് കൂടി. പ്രേക്ഷകസ്വീകാര്യതയാണ് യഥാര്‍ഥ അവാര്‍ഡ്. ഈ സിനിമയോട് നിങ്ങള്‍ കാട്ടിയ സ്‌നേഹത്തിന് നന്ദി. രാംകുമാര്‍, നിങ്ങളുടെ തിരക്കഥയില്‍ എനിക്ക് അഭിമാനം തോന്നുന്നു. ജിബ്രാന്‍ നല്‍കിയ പശ്ചാത്തല സംഗീതവും സാന്‍ ലോകേഷിന്റെ എഡിറ്റിംഗും അങ്ങിനെ തന്നെ'

'അടങ്കമറു'വിലെ അഭിനയത്തിന് ജയം രവിക്കാണ് മികച്ച നടനുള്ള സൈമാ ക്രിട്ടിക്‌സ് അവാര്‍ഡ്. 'കനാ'യിലെ പ്രകടനത്തിന് ഐശ്വര്യ രാജേഷിന് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചു. മാരി സെല്‍വരാജ് സംവിധാനം ചെയ്ത 'പരിയേറും പെരുമാളാ'ണ് മികച്ച ചിത്രം.