Asianet News MalayalamAsianet News Malayalam

'ആ വീഡിയോയെക്കുറിച്ച് എനിക്കും പറയാനുണ്ട്'; 'കൂത്താടി' എന്ന് വിളിച്ച് പരിഹസിച്ചവരോട് വിഷ്‍ണു വിശാല്‍

റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ ആവശ്യപ്രകാരം സ്ഥലത്ത് പൊലീസ് എത്തി വിഷ്ണുവിനോട് സംസാരിക്കുന്നതിന്‍റെ സിസിടിവി വീഡിയോയും ഒപ്പം പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ തനിക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

vishnu vishan responds to controversy about he made ruckus after consuming alcohol
Author
Chennai, First Published Jan 24, 2021, 3:03 PM IST

താമസിക്കുന്ന അപാര്‍ട്ട്മെന്‍റില്‍ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് തങ്ങള്‍ക്ക് ശല്യമാകുംവിധം ബഹളമുണ്ടാക്കിയതായി ചൂണ്ടിക്കാട്ടി തമിഴ് നടന്‍ വിഷ്‍ണു വിശാലിനെതിരെ പൊലീസില്‍ പരാതി എത്തിയിരുന്നു. സ്ഥലത്തെ റസിഡന്‍റ്സ് അസോസിയേഷന്‍റേതായിരുന്നു പരാതി. ഇത് വാര്‍ത്തയായതോടെ വിഷ്‍ണുവിനെതിരെ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളും നടന്നിരുന്നു. റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളുടെ ആവശ്യപ്രകാരം സ്ഥലത്ത് പൊലീസ് എത്തി വിഷ്ണുവിനോട് സംസാരിക്കുന്നതിന്‍റെ സിസിടിവി വീഡിയോയും ഒപ്പം പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ തനിക്ക് പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.

കൊവിഡ് കാലത്ത് സിനിമാചിത്രീകരണത്തില്‍ പങ്കെടുക്കുന്നതിനാല്‍ വീട്ടിലുള്ള മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് ഒരു അപാര്‍ട്ട്മെന്‍റ് താന്‍ കഴിഞ്ഞ നവംബറില്‍ വാടകയ്ക്ക് എടുത്തതെന്ന് വിഷ്ണു വിശാല്‍ പറയുന്നു. "ഷൂട്ടിംഗ് സ്ഥലത്ത് ദിവസേന 300 പേരോളം ഉണ്ടാവും. വീട്ടിലുള്ള മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് ഈ അപാര്‍ട്ട്മെന്‍റ് വാടകയ്ക്ക് എടുത്തത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എഫ്ഐആര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടി ആയതിനാല്‍ നിരവധി കൂടിക്കാഴ്ചകളിലും പങ്കെടുക്കേണ്ടിയിരുന്നു. അവരുടെ പരാതിയില്‍ പറയുന്ന ദിവസം ഞങ്ങളുടെ ഛായാഗ്രാഹകന്‍റെ പിറന്നാള്‍ ദിനമായിരുന്നു. എന്നെ കാണാനെത്തിയ എന്‍റെ സ്റ്റാഫിനോടും അതിഥികളോടും അവരന്ന് നേരത്തേ മോശമായി പെരുമാറിയിരുന്നു. പിറന്നാളിന്‍റെ ഭാഗമായി ഒരു ചെറിയ ആഘോഷം എന്‍റെ അപാര്‍ട്ട്മെന്‍റില്‍ ഒരുക്കിയിരുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളായതിനാല്‍ ഞാനിപ്പോള്‍ മദ്യം ഉപയോഗിക്കാറില്ല. പക്ഷേ അതിഥികള്‍ക്കായി മദ്യം വിളമ്പിയിരുന്നു. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. പക്ഷേ ഞങ്ങളുടെ സ്വകാര്യത അവിടെ ലംഘിക്കപ്പെട്ടു. പൊലീസ് എത്തിയപ്പോള്‍ വളരെ മദ്യാദയോടെ കാര്യം പറഞ്ഞു മനസിലാക്കി. മറുപടിയൊന്നും ഇല്ലാതിരുന്ന അപാര്‍ട്ട്മെന്‍റ് ഉടമ ഞങ്ങളോട് മോശം ഭാഷയിലാണ് സംസാരിച്ചത്. ഏതൊരു മനുഷ്യനെയും പോലെ എനിക്ക് പ്രതികരിക്കേണ്ടിവന്നു. ചില മോശം വാക്കുകള്‍ ഉപയോഗിക്കേണ്ടിവന്നു. ഞങ്ങളുടെഭാഗത്ത് തെറ്റൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പൊലീസുകാര്‍ മടങ്ങി."

രണ്ട് പക്ഷങ്ങളും കേള്‍ക്കാതെ ഏത് ആരോപണത്തിലും ഒരു നിഗമനത്തിലെത്തരുതെന്നും വിഷ്ണു വിശാല്‍ പറയുന്നു. "സാധാരണ ഒരു ആരോപണത്തിനും ഇത്രയും വിശദീകരണം നല്‍കാന്‍ നില്‍ക്കാത്തതാണ്. പക്ഷെ 'കുടിയനെ'ന്നും 'കൂത്താടി'യെന്നുമൊക്കെ വിളിച്ച് അപമാനിക്കുന്നത് ഒരു നടനെന്ന നിലയിലും ചലച്ചിത്ര മേഖലയ്ക്ക് ആകെയും മോശമാണ് എന്നതിനാലാണ് ഈ പ്രതികരണം", സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ഇവിടെനിന്ന് മാറാനിരിക്കുകയാണെന്നും അനാവശ്യ വിവാദങ്ങള്‍ക്ക് ചിലവാക്കാന്‍ സമയമില്ലെന്നും ട്വിറ്ററിലൂടെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വിഷ്ണു വിശാല്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios