ചിരഞ്ജീവി നായകനായ 'വിശ്വംഭര'യുടെ റിലീസ് പ്രതിസന്ധിയിലാണെന്നും 2025ൽ ചിത്രം പുറത്തിറങ്ങില്ലെന്നും റിപ്പോർട്ടുകൾ. 

ഹൈദരാബാദ്: ടോളിവുഡിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഫാന്‍റസി എന്‍റര്‍ടെയ്നര്‍ വിശ്വംഭര പ്രതിസന്ധിയില്‍ എന്ന് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്‍റെ റിലീസ് പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ എന്നാണ് വിവരം. 

2025 സംക്രാന്തിക്ക് തിയറ്ററുകളിൽ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന ചിത്രത്തിന് അജ്ഞാതമായ കാരണങ്ങളാൽ ഉത്സവ സീസണില്‍ നിന്നും മാറ്റുകയായിരുന്നു. വിഎഫ്എക്‌സ് ജോലികൾ വൈകിയതാണ് കാരണമെന്ന് ടീം അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുമ്പോൾ, യഥാർത്ഥ വെല്ലുവിളി പോസ്റ്റ്-പ്രൊഡക്ഷൻ തടസ്സങ്ങൾക്കപ്പുറമാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വിശ്വംഭരയുടെ ഒടിടി അവകാശം വിറ്റുപോകാത്തതാണ് ചിത്രത്തിന് പ്രതിസന്ധി സൃഷ്ടിച്ചത് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. വരുമാനം മാത്രമല്ല തെലുങ്കിലെ സൂപ്പര്‍താര സിനിമകളുടെ റിലീസ് തന്ത്രവും മൊത്തത്തിലുള്ള മാര്‍ക്കറ്റിംഗും രൂപപ്പെടുത്തുന്നതില്‍ സമീപകാലത്ത് ഒടിടി ഡീലുകള്‍ നിർണായക പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ ബോക്സ് ഓഫീസില്‍ വന്‍ പരാജയം ആയതോടെ ചിരഞ്ജീവി ചിത്രത്തിനോട് ഒരു താല്‍പ്പര്യവും ഒടിടി പ്ലാറ്റ്ഫോമുകള്‍ കാണിക്കുന്നില്ലെന്നാണ് വിവരം.

രണ്ട് മാസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങി വിശ്വംഭരയുടെ ടീസര്‍ വന്‍ ട്രോളായി മാറിയിരുന്നു. ഇത് ചിത്രത്തിന്‍റെ ഹൈപ്പിനെ വലിയതോതില്‍ മോശമായി ബാധിച്ചുവെന്നാണ് വിവരം. ടീസറിലെ വിഷ്വൽ ഇഫക്റ്റുകൾ വലിയ വിമർശനം നേരിട്ടു, നേരത്തെ പ്രഭാസിന്‍റെ ആദിപുരുഷിന് സംഭവിച്ചതുപോലെ ഈ ചിത്രത്തിനും സംഭവിക്കാം എന്ന വിമര്‍ശനവും ഉയര്‍ന്നു.ചിരഞ്ജീവിയുടെ പ്രതിഫലമായ 75 കോടി അടക്കം 215 കോടിക്ക് മുകളിലാണ് വിശ്വംഭരയുടെ ബജറ്റ് എന്നാണ് വിവരം. 

ചെറുകിട, ഇടത്തരം ബജറ്റ് സിനിമകൾ മാത്രമല്ല ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ പോലും ഇപ്പോൾ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ എടുക്കുന്നതില്‍ വലിയ സ്ക്രീനിംഗാണ് നടത്തുന്നത്. നിലവിൽ, നെറ്റ്ഫ്ലിക്സുമായുള്ള ചർച്ചകൾ അവസാന നിമിഷം പരാജയപ്പെട്ടതിന് ശേഷം വിശ്വംഭരയുടെ നിർമ്മാതാക്കൾ ഇപ്പോഴും സീ5മായി ചർച്ചകൾ നടത്തുകയാണ് എന്നാണ് വിവരം. പ്രൈം വീഡിയോ ഇതിനകം തങ്ങളുടെ ഈ വര്‍ഷത്തെ ഒടിടി ഡീലുകള്‍ ഉറപ്പിച്ചതിനാല്‍ അവര്‍ ഈ ചിത്രം എടുക്കാന്‍ സാധ്യത കുറവാണ് എന്നാണ് വാര്‍ത്ത. 

എന്തായാലും ചിരഞ്ജീവി പോലുള്ള സൂപ്പര്‍താരത്തിന് പോലും ഒടിടി ഡീലുകള്‍ ഉറപ്പിക്കാന്‍ സാധിക്കാത്ത രീതിയിലാണ് ചലച്ചിത്ര രംഗത്തെ അവസ്ഥ എന്നത് ടോളിവുഡിനെ മാത്രം അല്ല മൊത്തം സിനിമ രംഗത്തെയും ഞെട്ടിക്കുന്നുണ്ട്. അടുത്തിടെ മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച ആശയകുഴപ്പത്തിലും ഉയര്‍ന്നുകേട്ട പ്രശ്നം ഒടിടി ഡീല്‍ ആയിരുന്നു. 

അല്ലു അര്‍ജുന്‍റെ പിതാവ് ബോക്സോഫീസ് ദുരന്തമായ രാം ചരണ്‍ ചിത്രത്തെ ട്രോളി? ടോളിവു‍ഡില്‍ പുതിയ വിവാദം

ചിത്രത്തിന്റെ ബജറ്റ് 215 കോടി, ചിരഞ്‍ജീവി ആവശ്യപ്പെട്ടത് വൻ തുക, ഞെട്ടി സിനിമയുടെ നിര്‍മാതാക്കള്‍