ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന സിനിമയിലൂടെ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്നു. കൊച്ചിയില്‍ നടന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ മോഹന്‍ലാല്‍, സുചിത്ര, പ്രണവ് അടക്കമുള്ളവര്‍ പങ്കെടുത്തു. 

വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന സിനിമയായ തുടക്കത്തിന് പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ തുടക്കം. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസ്‍മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തി. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ്. വന്‍ വിജയം നേടിയ 2018 ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ആദ്യ സിനിമയില്‍ അഭിനയിച്ചതും മ‍ഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോയതുമൊക്കെ താനിപ്പോള്‍ ആലോചിക്കുകയായിരുന്നെന്ന് ചടങ്ങില്‍ സംസാരിക്കവെ മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഞാന്‍ സിനിമയില്‍ നടനാവണമെന്ന് ആഗ്രഹിച്ച ആളല്ല. കാലത്തിന്‍റെ നിശ്ചയം പോലെ സിനിമയില്‍ എത്തി. അപ്പുവും മായയും സിനിമയില്‍ വരണമെന്നത് ആന്‍റണിയുടെ വലിയ ആഗ്രഹമായിരുന്നു. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഒരു വിസ്മയം പോലെയാണ് ഞാന്‍ കാണുന്നത്. എന്റെ മകൾക്കും ഞാൻ ആ പേര് ആണ് നൽകിയത്. സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അതിനൊപ്പം നിന്നു, മോഹന്‍ലാല്‍ പറഞ്ഞു.

ഇതൊരു അഭിമാന നിമിഷമാണെന്നും മകള്‍ സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചടങ്ങില്‍ സംസാരിച്ച സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. വളരെ സന്തോഷമുള്ള വർഷമാണ് കടന്നു പോകുന്നത്. ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം ഉൾപ്പെടെയുള്ള സന്തോഷങ്ങൾ ലഭിച്ച വർഷം. മക്കളുടെ സ്വപ്നങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് ഞങ്ങൾ ചെയ്തത്. മായയ്ക്ക്, തുടക്കത്തിന് എല്ലാ അഭിനന്ദനങ്ങളും, സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. ജൂലൈ ഒന്നിന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ദിലീപ്, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, സംവിധായകരായ ജോഷി, തരുണ്‍ മൂര്‍ത്തി, അടക്കമുള്ളവര്‍ പരിപാടിക്ക് എത്തിയിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്