ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് വീണ്ടും മലയാളത്തില്‍

പൃഥ്വിരാജിനെ (Prithviraj Sukumaran) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന 'കടുവ'യുടെ (Kaduva Movie) ചിത്രീകരണത്തില്‍ വിവേക് ഒബ്റോയ് (Vivek Oberoi) ജോയിന്‍ ചെയ്‍തു. ചിത്രത്തില്‍ വിവേക് ഉണ്ടാവുമെന്ന് മാസങ്ങള്‍ക്കു മുന്‍പേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്. വിവേക് സെറ്റില്‍ എത്തിയതിന്‍റെ ലഘു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിവേക് ഒബ്റോയ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം ലൂസിഫര്‍ ആയിരുന്നു. ചിത്രത്തിലെ ബോബി എന്ന കഥാപാത്രത്തെ അദ്ദേഹം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായി വിവേക് അഭിമുഖങ്ങളില്‍ ബോബിയെക്കുറിച്ച് പറഞ്ഞിരുന്നു- "ഇതിഹാസമായ മോഹന്‍ലാലിന് എതിര്‍ഭാഗത്തുനില്‍ക്കുന്ന 'ബോബി' എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. കാരണം സൂക്ഷ്‍മതയുള്ള കഥാപാത്രമായിരുന്നു അത്. സ്വന്തം ലോകത്ത് നായകനാണ് ബോബി. ചെയ്യുന്നതെല്ലാം അയാള്‍ക്ക് ശരിയാണ്. പുറമേക്ക് നോക്കുമ്പോള്‍ ലാഘവത്വമുള്ള, സുന്ദരനായ ഒരാള്‍. പക്ഷേ അകമേക്ക് കുഴമറിഞ്ഞ ഒരാളുമാണ്. അതായിരുന്നു എന്നെ ആകര്‍ഷിച്ച ഘടകം. പിന്നെ മോഹന്‍ലാലിന്‍റെ പ്രകടനത്തിനൊപ്പം നില്‍ക്കുക എന്ന വെല്ലുവിളിയുമുണ്ടല്ലോ. വളരെ വികാസം പ്രാപിച്ച ഒന്നാണ് മലയാള സിനിമ. നിലവാരത്തിന്‍റെ കാര്യത്തില്‍ അവര്‍ ഏറെ മുന്നിലാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്‍റെ പ്രകടനങ്ങളിലൊന്ന് ലൂസിഫറിലെ ബോബിയാണ്", ഒരു മുന്‍ അഭിമുഖത്തില്‍ വിവേക് ഒബ്റോയ് പറഞ്ഞിരുന്നു.

അതേസമയം കരിയറിലെ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുള്ളത്. പൃഥ്വിരാജ് നായകനാവുന്ന കടുവ ചിത്രീകരണം പുരോഗമിക്കുകാണെങ്കില്‍ മോഹന്‍ലാല്‍ നായകനാവുന്ന എലോണ്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നിരുന്നു. ഈ ഇടവേളയിലാണ് മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്.