യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം: സംവിധായകൻ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടു
2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.
കൊല്ലം: യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകി. 2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.
അഭിനയത്തിൽ താൽപര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ ചെയ്യാൻ ആവശ്യപ്പെടുന്നു. പിന്നാലെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. പിറ്റേദിവസം ഫോണിൽ വിളിച്ച് സംഭവിച്ച കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടു. കാർ വാടകയ്ക്ക് എന്ന പേരിൽ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് തനിക്ക് 10,000 രൂപ അയച്ചെന്നും യുവതി പറയുന്നു. ഈ വിവരങ്ങളടക്കം കാണിച്ച് കഥാകാരി ഡിജിപിക്ക് പരാതി നൽകിയിരുന്നു.