'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയാണ് വൃദ്ധിയെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്

വിവാഹവേദിയില്‍ നൃത്തച്ചുവടുകളാല്‍ വിസ്‍മയിപ്പിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ വൃദ്ധി വിശാല്‍ ആയിരുന്നു അത്. നടന്‍ അഖില്‍ ആനന്ദിന്‍റെ വിവാഹവേദിയിലാണ് ജനപ്രിയ സിനിമാഗാനങ്ങളുടെ ഈണത്തിനൊപ്പം ഈ കൊച്ചുമിടുക്കി നൃത്തം ചെയ്‍ത് വിസ്‍മയിപ്പിച്ചത്. വൈറല്‍ ആയ നൃത്തത്തിനു പിന്നാലെ വൃദ്ധിയെത്തേടി ഒരു വലിയ സിനിമാപ്രോജക്ടിലെ അവസരവും എത്തിയിരിക്കുകയാണ്. ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം 'കടുവ'യിലാണ് വൃദ്ധി അഭിനയിക്കുക. അപ്രധാന വേഷമൊന്നുമല്ല, മറിച്ച് പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ മകളായാണ് കുട്ടി എത്തുക.

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്‍റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയാണ് വൃദ്ധിയെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. യുകെജി വിദ്യാര്‍ഥിനിയായ വൃദ്ധി ഇതിനകം രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

അതേസമയം പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് മലയാളത്തില്‍ ഒരുക്കുന്ന ചിത്രമാണ് കടുവ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാസ് ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ജിനു എബ്രഹാം ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.