ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍

മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം മോണ്‍സ്റ്റര്‍ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. മലയാളം ബോക്സ് ഓഫീസിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍റെ അണിയറക്കാര്‍ വീണ്ടും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. അതിനാല്‍ത്തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ച് കാര്യമായ ചര്‍ച്ചകളുമുണ്ട്. അത്തരം ചര്‍ച്ചകളില്‍ ചിലതെങ്കിലും ചിത്രത്തെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്നതാണ്. ചിത്രത്തെക്കുറിച്ചുള്ള തന്‍റെയൊരു സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെ വന്ന അത്തരത്തില്‍ ഒരു കമന്‍റിന് സംവിധായകന്‍ വൈശാഖ് തന്നെ മറുപടി നല്‍കി. ഇതിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രം ആണെന്ന തരത്തിലായിരുന്നു വൈശാഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്‍റ്. അതിന് വൈശാഖിന്‍റെ മറുപടി ഇങ്ങനെ- എന്‍റെ പേജില്‍ വന്ന് സോംബി എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ... ഇത് സോംബി പടമൊന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുന്‍പും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങള്‍ എത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും. ഐ ലവ് യൂ ബ്രോ, എന്നായിരുന്നു വൈശാഖിന്‍റെ പ്രതികരണം.

ALSO READ : 'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍

മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്, സംഗീത സംവിധാനം ദീപക് ദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഘട്ടനം സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍, ഡിജിറ്റര്‍ പാര്‍ട്നര്‍ അവനീര്‍ ടെക്നോളജി.