Asianet News MalayalamAsianet News Malayalam

ചിരഞ്ജീവിയും രവി തേജയും ഒരുമിച്ച് എത്തിയപ്പോള്‍? 'വാള്‍ട്ടര്‍ വീരയ്യ' ആദ്യ പ്രതികരണങ്ങള്‍

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രം

waltair veerayya fdfs audience response chiranjeevi ravi teja
Author
First Published Jan 13, 2023, 12:52 PM IST

തെന്നിന്ത്യന്‍ തിയറ്റര്‍ വ്യവസായത്തിന് ആകെ ഉത്സവാന്തരീക്ഷം പകര്‍ന്നുകൊണ്ടാണ് പൊങ്കല്‍, സംക്രാന്തി റിലീസുകള്‍ എത്തിയിരിക്കുന്നത്. തമിഴ് പൊങ്കല്‍ റിലീസുകളായി വിജയ് നായകനായ വാരിസ്, അജിത്ത് കുമാര്‍ നായകനായ തുനിവ് എന്നിവ 11 ന് എത്തിയിരുന്നു. തൊട്ടുപിറ്റേന്ന് ബാലയ്യയുടെ വീര സിംഹ റെഡ്ഡിയിലൂടെ സംക്രാന്തി റിലീസുകളും ആരംഭിച്ചു. ഇന്നിതാ തെലുങ്ക് സിനിമാപ്രേമികള്‍ കാത്തിരുന്ന ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. ചിരഞ്ജീവിയെ നായകനാക്കി കെ എസ് രവീന്ദ്ര കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ച വാള്‍ട്ടര്‍ വീരയ്യയാണ് ആ ചിത്രം. ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ ട്വിറ്ററിലൂടെം പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.

ഖിലാഡി നമ്പര്‍ 150 നു ശേഷം ചിരഞ്ജീവി ഡാന്‍സ് ചെയ്യുന്ന മികച്ചൊരു എന്‍റര്‍ടെയ്നര്‍ കണ്ടിട്ടില്ലെന്നും വാള്‍ട്ടര്‍ വീരയ്യ അത്തരത്തില്‍ ഒരു ചിത്രമാണെന്നും ഐഡില്‍ബ്രെയിന്‍ ജീവി എന്ന ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുന്നു. ചിരഞ്ജീവിയുടെ കംഫര്‍ട്ട് സോണിലുള്ള കഥാപാത്രം ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കുന്നതാണെന്നും ഇദ്ദേഹം പറയുന്നു. രവി തേജയാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള രംഗങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റ് എന്ന് തൈവ്യൂ എന്ന ഹാന്‍ഡില്‍ ട്വീറ്റ് ചെയ്യുന്നു. ചിരഞ്ജീവിയുടെ ഒരു നൃത്തരംഗം തിയറ്ററില്‍ ആരാധകര്‍ ആഘോഷിക്കുന്നതിന്‍റെ വീഡിയോ ചിത്രത്തിന്‍റെ സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചിത്രത്തിന് ആവശ്യത്തിന് പ്രേക്ഷകര്‍ ഇല്ലെന്നും വിമര്‍ശകര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ഒപ്പം തിയറ്ററുകളില്‍ നിന്നുള്ള ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങളും. 

 

ALSO READ : 'നമ്മള്‍ ഒരു നരകത്തിലാണ് ജീവിക്കുന്നത്'; ഇവിടെ ജനാധിപത്യമല്ല, തെമ്മാടിപത്യമാണെന്ന് ശ്രീനിവാസന്‍

ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണിത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ കാതറിന്‍ ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണ് ഇത്.

Follow Us:
Download App:
  • android
  • ios