അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്ന്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം. വാര്‍ 2 നെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഏത് നിര്‍മ്മാതാവും ആഗ്രഹിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് ഡേ വാരാന്ത്യം ലക്ഷ്യമാക്കി എത്തിയിരിക്കുന്ന ചിത്രം ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്. ഹൃത്വിക് റോഷനൊപ്പം പ്രധാന കഥാപാത്രമായി ജൂനിയര്‍ എന്‍ടിആറും എത്തിയിരിക്കുന്നു എന്നത് ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് കൂട്ടിയിരുന്നു. ആ പ്രതീക്ഷകള്‍ കാക്കാനായോ ചിത്രത്തിന്? ഇപ്പോഴിതാ ആദ്യ ഷോകള്‍ക്ക് ഇപ്പുറമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
വന്‍ ഹൈപ്പോടെ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തില്‍ ലഭിക്കുന്നത്. നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഒരു തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ നിമിഷം ആയിരിക്കും ഇതെന്നാണ് ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേല്‍ കുറിച്ചിരിക്കുന്നത്. അഞ്ചില്‍ 1.5 ആണ് അദ്ദേഹം കൊടുത്തിരിക്കുന്ന റേറ്റിംഗ്. ബോളിവുഡ് ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ 2 സ്റ്റാര്‍ ആണ് നല്‍കിയിരിക്കുന്നത്. പ്രതീക്ഷ പകരുന്ന ആദ്യ പകുതി ഉണ്ടായിരുന്ന ചിത്രം ഇടവേളയ്ക്ക് ശേഷം വീഴുകയാണെന്നും പിന്നീട് ഒരിക്കലും കരകയറുന്നില്ലെന്നും അവര്‍ വിലയിരുത്തുന്നു. നിരാശപ്പെടുത്താത്തതും എന്നാല്‍ ആവേശം പകരാത്തതുമായ ചിത്രമാണ് ഇതെന്നാണ് ഗള്‍ട്ടെ എന്ന ട്രാക്കര്‍മാര്‍ വാര്‍ 2 നെ വിലയിരുത്തുന്നത്. ശരാശരിയിലും താഴെ നിലവാരമുള്ള ഒരു ആക്ഷന്‍ ത്രില്ലര്‍ എന്നാണ് വെങ്കി റിവ്യൂസ് നല്‍കിയിരിക്കുന്ന പ്രതികരണം. സ്റ്റൈല്‍ ഓവര്‍ സബ്സ്റ്റന്‍സ് ആണ് ചിത്രമെന്നും.
അതേസമയം മികച്ച പ്രതികരണങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമെന്നാണ് റിവ്യൂവേഴ്സ് ആയ സിനിഹബ് വിലയിരുത്തിയിരിക്കുന്നത്. ചിത്രം ത്രില്ലിംഗ് ആണെന്ന് നിഷിത് ഷാ എന്ന ട്രാക്കര്‍ പറഞ്ഞിരിക്കുന്നു. അഞ്ചില്‍ മൂന്നര റേറ്റിംഗ് ആണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗില്‍ ഭേദപ്പെട്ട പ്രതികരണം ലഭിച്ചിരുന്നു ചിത്രത്തിന്. ബോക്സ് ഓഫീസില്‍ നിര്‍മ്മാതാക്കള്‍ക്ക് ചിത്രം ഗുണമാവുമോ എന്നറിയാന്‍ ഏതാനും ദിനങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരും.

