വയനാടിന് കൈത്താങ്ങാകാൻ താരസംഘടന അമ്മ: പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് അങ്കമാലിയിൽ സ്റ്റേജ് ഷോ നടത്തും
പരിപാടിയിലെ വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു
കൊച്ചി: വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് താരസംഘടന അമ്മ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.
വയനാട്ടിൽ ദുരന്ത മേഖല സന്ദർശിച്ചതിന് നടനും ലെഫ്റ്റനൻ്റ് കേണലുമായ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്സിനെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല. മോഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിൻ്റെ സന്ദർശനമെന്നും സിദ്ദിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. അതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അമ്മയ്ക്ക് പങ്കില്ലെന്നും റിപ്പോർട്ട് പുറത്തു വിടണമെന്നോ വേണ്ടെന്നോ അമ്മയ്ക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.