തിരുവനന്തപുരം: സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറിക്ക് എതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി ഡബ്ല്യുസിസി. സഹപ്രവര്‍ത്തകനായ പ്രസ് ക്ലബ് സെക്രട്ടറിയില്‍ നിന്നും മാധ്യമപ്രവര്‍ത്തക നേരിട്ട അപമാനം പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ ന്യായമായ നിലപാട് പ്രസ് ക്ലബ് എടുക്കണം. പുരുഷ സഹപ്രവർത്തകരുടെ സ്ത്രീവിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീ മാധ്യമപ്രവർത്തകർക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. 

ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് പ്രസ് ക്ലബ്ബ് സെക്രട്ടറി രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും രാധാകൃഷ്ണൻ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിലും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്‍തത്.