കൊവിഡ് ബാധിച്ച് ചികിത്സയിലാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും കുടുംബവും. ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഇവരുടെ മകള്‍ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതോടെ ആരാധകരെല്ലാം ഈ താര കുടുംബത്തിനായി പ്രാര്‍ത്ഥനയിലാണ്. 

''നിങ്ങളുടെ സ്‌നേഹം ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്...'' ബച്ചന്‍ ആരാധകര്‍ക്കായി ട്വിറ്ററില്‍ കുറിച്ചു. ബച്ചനും അഭിഷേകും മുംബൈയിലെ ആശുപത്രിയിലും ഐശ്വര്യയും മകള്‍ ആരാധ്യയും ബച്ചന്റെ വീടായ ജല്‍സയിലുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വെള്ളിയാഴ്ചയോടെ ഐശ്വര്യയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. 

അതേസമയം ബച്ചന്‍ കുടുംബത്തിന് ഇപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ സുരക്ഷിതരാണ്. അവര്‍ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അവര്‍ ഐസലോഷന്‍ വാര്‍ഡിലാണ്. 

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ഒരു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. ഐശ്വര്യ റായ്‌യുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു ഫലം.